---
title: "കാപ്പാട് ബീച്ച് ക്ലീനാക്കി മഹിളാ അസോസിയേഷൻ; കൊയിലാണ്ടിയിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി "
english_title: "Environment Day celebration in Koyilandy was special"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364452/environment-day-celebration-in-koyilandy-was-special"
published_at: "2026-06-07T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2517b569416_KOYI5.jpg"
keywords: ["Latest News", "Koyilandy", "Environment Day Celebration"]
---

# കാപ്പാട് ബീച്ച് ക്ലീനാക്കി മഹിളാ അസോസിയേഷൻ; കൊയിലാണ്ടിയിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി 

> **Lead Summary:** **കൊയിലാണ്ടി: [** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ശുചീകരണ യജ്ഞങ്ങളും നടന്നു.

## Article Content

**കൊയിലാണ്ടി: [** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ശുചീകരണ യജ്ഞങ്ങളും നടന്നു.

മഹിളാ അസോസിയേഷൻ ചേമഞ്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശസ്തമായ കാപ്പാട് ബീച്ചിൽ വിപുലമായ ശുചീകരണ പ്രവർത്തനമാണ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ബിനേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെക്രട്ടറി ബീന മഠത്തിൽ, പ്രസിഡന്റ് ഗീതാ മുല്ലോളി, ഏരിയാ കമ്മിറ്റി അംഗം സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നഗരസഭാ നാലാം വാർഡ് സഭയുടെ സ്പെഷ്യൽ യോഗവും സംഘടിപ്പിച്ചു. എഴുത്തുകാരൻ കെ. ടി. ഗോപാലൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കൗൺസിലർ രമ്യ തിരുവലത്ത് അധ്യക്ഷത വഹിച്ചു.

മറ്റൊരു വേറിട്ട പരിപാടിയിലൂടെ പരിസ്ഥിതി ദിനം അർത്ഥവത്താക്കുകയാണ് ചേലിയ യുവജന വായനശാല ചെയ്തത്. മുൻകാല ഗ്രന്ഥശാലാ പ്രവർത്തകരുടെ വീട്ടുവളപ്പിൽ ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിക്ക് വായനശാല തുടക്കമിട്ടു.

റിട്ട. എ.ഇ.ഒ വി. വി. ബാലകൃഷ്ണൻ നായരുടെ വീട്ടുവളപ്പിൽ പ്ലാവിൻതൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എം. ദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ. പി. അനിൽകുമാർ, പ്രസിഡൻ്റ് കെ. ടി. എം. കോയ, വിജയരാഘവൻ ചേലിയ, അഡ്വ. പി. പ്രശാന്ത്, ശശി കൊണ്ടോത്ത്, എം. വി. രാമചന്ദ്രൻ, സന്തോഷ് കുമാർ സദ്ഗമയ,  ആറാഞ്ചേരി ശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇതേസമയം, ആന്തട്ട ഗവ. യുപി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ സുധ കാവുങ്കൽപൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ആൽവിൻ സുമേഷ് കൂട്ടുകാർക്കായി പരിസ്ഥിതിദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ സി. അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഗീത, മിനി, ബേബി രമ എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364452/environment-day-celebration-in-koyilandy-was-special)