---
title: "കൊയിലാണ്ടി ബപ്പങ്ങാട് അണ്ടർ പാസിലെ പമ്പിങ് മോട്ടോറിന്റെ സ്വിച്ച് ബോക്സ് സാമൂഹ്യവിരുദ്ധർ തകർത്തു; ഉള്ളിൽ മദ്യക്കുപ്പികൾ"
english_title: "Anti-social elements vandalize the switch box of the pumping motor at the Koyilandy Bappangad underpass"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364438/anti-social-elements-vandalize-the-switch-box-of-the-pumping-motor-at-the-koyilandy-bappangad-underpass"
published_at: "2026-06-07T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a250d4092b61_KOYI1.jpg"
keywords: ["Latest News", "Koyilandy", "Pumping Motor Switch", "Anti-Social"]
---

# കൊയിലാണ്ടി ബപ്പങ്ങാട് അണ്ടർ പാസിലെ പമ്പിങ് മോട്ടോറിന്റെ സ്വിച്ച് ബോക്സ് സാമൂഹ്യവിരുദ്ധർ തകർത്തു; ഉള്ളിൽ മദ്യക്കുപ്പികൾ

> **Lead Summary:** **കൊയിലാണ്ടി: [** കനത്ത മഴയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ സ്ഥാപിച്ച ബപ്പങ്ങാട് റെയിൽവേ അണ്ടർ പാസ്സിലെ മോട്ടോറിന്റെ മെയിൻ സ്വിച്ച് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്ത നിലയിൽ.

## Article Content

**കൊയിലാണ്ടി: [** കനത്ത മഴയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ സ്ഥാപിച്ച ബപ്പങ്ങാട് റെയിൽവേ അണ്ടർ പാസ്സിലെ മോട്ടോറിന്റെ മെയിൻ സ്വിച്ച് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്ത നിലയിൽ.

സ്വിച്ച് ബോക്സ് പൂർണ്ണമായും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് അണ്ടർ പാസിനുള്ളിൽ വലിയ രീതിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു.

ഇന്ന് രാവിലെ ഈ വെള്ളം പമ്പ് ചെയ്ത് കളയാൻ മോട്ടോർ ഓൺ ചെയ്യാനെത്തിയ സമീപത്തെ വ്യാപാരികളാണ് സ്വിച്ച് ബോക്സ് തകർത്തതും വയറുകളെല്ലാം മുറിച്ചിട്ടതുമായ അവസ്ഥയിൽ കണ്ടത്.

ക്രൂരമായ ഈ നശീകരണത്തിന് പുറമെ, സ്വിച്ച് ബോക്സിനുള്ളിൽ രണ്ട് മദ്യക്കുപ്പികളും ഒരു ഗ്ലാസും ഉപേക്ഷിച്ച നിലയിലായിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്ന മദ്യപസംഘമായിരിക്കാം ഈ അതിക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

മഴക്കാലത്ത് അണ്ടർ പാസിനുള്ളിൽ വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന വലിയ യാത്രാദുരിതം ഒഴിവാക്കാനായി രണ്ട് വർഷം മുൻപാണ് കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ ഹൈ-പവർ മോട്ടോർ സ്ഥാപിച്ചത്.

നിരവധി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നൂറുകണക്കിന് കാൽനടയാത്രക്കാരും ദിവസേന ആശ്രയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വഴിയാണിത്. മുൻസിപ്പാലിറ്റി മോട്ടോർ സ്ഥാപിച്ചതോടെ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ വെള്ളക്കെട്ട് പ്രശ്നം കൃത്യമായി പരിഹരിക്കപ്പെട്ടു വരികയായിരുന്നു.

എന്നാൽ, സാമൂഹ്യവിരുദ്ധരുടെ ഈ തരംതാണ പ്രവർത്തി കാരണം ഒരൊറ്റ രാത്രികൊണ്ട് അണ്ടർ പാസ് വീണ്ടും വെള്ളത്തിനടിയിലായിരിക്കുകയാണ്. പൊതുമുതൽ നശിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ ഈ അക്രമികൾക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്നും രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നുമാണ് ബപ്പങ്ങാട്ടെ വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364438/anti-social-elements-vandalize-the-switch-box-of-the-pumping-motor-at-the-koyilandy-bappangad-underpass)