---
title: "പയ്യോളിയിൽ റോഡുകൾ തകർന്ന് കാൽനടയാത്ര പോലും അസാധ്യമായി, ദുരിതത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ"
english_title: "Hundreds of families in dire straits in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364197/hundreds-of-families-in-dire-straits-in-payyoli"
published_at: "2026-06-06T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23b98d33f4a_koyi1.jpg"
keywords: ["Latest News", "Payyoli", "Payyoli Municipality"]
---

# പയ്യോളിയിൽ റോഡുകൾ തകർന്ന് കാൽനടയാത്ര പോലും അസാധ്യമായി, ദുരിതത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ

> **Lead Summary:** **പയ്യോളി: [** പയ്യോളി നഗരസഭയുടെ അശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ കാരണം തീരദേശ മേഖലയിലെ പ്രധാന റോഡുകൾ പൂർണ്ണമായും തകർന്ന് ജനജീവിതം ദുസ്സഹമായി.

## Article Content

**പയ്യോളി: [** പയ്യോളി നഗരസഭയുടെ അശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ കാരണം തീരദേശ മേഖലയിലെ പ്രധാന റോഡുകൾ പൂർണ്ണമായും തകർന്ന് ജനജീവിതം ദുസ്സഹമായി.

തീരദേശവാസികളെ പയ്യോളി ടൗണുമായി ബന്ധിപ്പിക്കുന്ന മീൻപെരിയ റോഡും, പയ്യോളി ബീച്ച് റോഡിൽ നിന്നാരംഭിക്കുന്ന കങ്ങാണി വളപ്പിൽ റോഡുമാണ് ഇപ്പോൾ കാൽനടയാത്ര പോലും നടത്താൻ പറ്റാത്ത വിധം ചെളിക്കുളമായി മാറിയിരിക്കുന്നത്.

നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഈ ദുരവസ്ഥയ്ക്ക് കാരണണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേനൽക്കാലത്ത് തീർക്കേണ്ട പ്രവൃത്തികൾ ചെയ്യാതെ, കാലവർഷം കനത്തതിന് ശേഷമാണ് മീൻപെരിയ റോഡിന്റെ ഒരുഭാഗം ഓവുചാലിനായി കുഴിയെടുക്കാൻ തുടങ്ങിയത്.

ഇതിനുപുറമെ കങ്ങാണി വളപ്പിൽ റോഡിൽ ക്വാറി വേസ്റ്റ് എന്ന പേരിൽ വൻതോതിൽ ചെളിമണ്ണ് ഇറക്കുക കൂടി ചെയ്തതോടെ ഇരുറോഡുകളിലും ഗതാഗതം പൂർണ്ണമായും താറുമാറാകുകയായിരുന്നു.

ബീച്ച് ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് കുടുംബങ്ങളാണ് നഗരസഭയുടെ ഈ നടപടി കാരണം നിലവിൽ വലിയ ദുരിതം അനുഭവിക്കുന്നത്. മഴക്കാലം മുൻകൂട്ടി കണ്ട് ചെയ്യേണ്ട പ്രവൃത്തികൾ മഴ തുടങ്ങിയ ശേഷം ആരംഭിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.

കഴിഞ്ഞ അഞ്ചുവർഷക്കാലമായി യുഡിഎഫ് കൗൺസിലർമാർ ഈ പ്രദേശത്തോട് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഈ റോഡുകളിലെ അവഗണന പുതിയതല്ലെന്നും കഴിഞ്ഞവർഷം മീൻപെരിയ റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ചങ്ങാടമിറക്കി നഗരസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായും നാട്ടുകാർ ഓർമ്മിപ്പിച്ചു.

അടിയന്തരമായി റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364197/hundreds-of-families-in-dire-straits-in-payyoli)