---
title: "ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയത; കൊല്ലം ആനക്കുളം അടിപ്പാതകളിൽ മുകളിൽ നിന്ന് ചെളിവെള്ളപ്പാച്ചിൽ, യാത്രക്കാർ ദുരിതത്തിൽ"
english_title: "Muddy water flowing from above on the underpasses of Anakkulam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364033/muddy-water-flowing-from-above-on-the-underpasses-of-anakkulam"
published_at: "2026-06-05T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2295606c157_koyi7.jpg"
keywords: ["Latest News", "Koyilandy", "National Highway Authority"]
---

# ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയത; കൊല്ലം ആനക്കുളം അടിപ്പാതകളിൽ മുകളിൽ നിന്ന് ചെളിവെള്ളപ്പാച്ചിൽ, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **കൊല്ലം: [** കേരളത്തിലെ കാലാവസ്ഥയോ ഭൂപ്രകൃതിയോ ഒട്ടും പരിഗണിക്കാതെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാതകളുടെ നിർമാണം നടക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു.

## Article Content

**കൊല്ലം: [** കേരളത്തിലെ കാലാവസ്ഥയോ ഭൂപ്രകൃതിയോ ഒട്ടും പരിഗണിക്കാതെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാതകളുടെ നിർമാണം നടക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു.

ഇത് ശരിവെക്കുന്ന തരത്തിലാണ് കൊല്ലം, ആനക്കുളം അടിപ്പാതകളിലെ നിലവിലെ ദാരുണമായ അവസ്ഥ. നേരിയ തോതിൽ മഴ പെയ്താൽ പോലും ഈ അടിപ്പാതകൾക്ക് താഴെക്കൂടെ ചെളിയിൽ കുളിച്ച് കടന്നുപോകേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും.

അടിപ്പാതയ്ക്ക് മുകളിലെ വെള്ളം ഒഴുകിപ്പോകാനായി നിർമിച്ചിട്ടുള്ള ചെറിയ ദ്വാരങ്ങളിലൂടെ ചെളിനിറഞ്ഞ വെള്ളം മുഴുവൻ താഴേക്ക് വൻതോതിൽ ഒലിച്ചിറങ്ങുന്നതാണ് പ്രധാന വില്ലനായിരിക്കുന്നത്.

കാര്യക്ഷമമായ ഡ്രൈനേജ് സംവിധാനങ്ങൾ ഒരുക്കാതെയാണ് അധികൃതർ അടിപ്പാതകൾ പണിതുയർത്തിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇന്ന് രാവിലെ മുതൽ കൊല്ലം ആനക്കുളം അടിപ്പാതകളിൽ നിന്നും ഇത്തരത്തിൽ ഒട്ടും തടസ്സമില്ലാതെ മലിനജലം താഴേക്ക് ഒഴുകുന്ന സ്ഥിതിയാണുള്ളത്.

ഭാവിയിൽ താത്കാലികമായി ഈ ദ്വാരങ്ങൾ അടച്ചാൽ പോലും വെള്ളത്തിന്റെ വൻ സമ്മർദ്ദം കാരണം അത് അധികകാലം നിലനിൽക്കില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രീയമായ ഓടകളും വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സജ്ജീകരണങ്ങളും ഒരുക്കാതെയുള്ള ഇത്തരം നിർമാണങ്ങൾ വരും ദിവസങ്ങളിൽ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന ആശങ്കയും പരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364033/muddy-water-flowing-from-above-on-the-underpasses-of-anakkulam)