---
title: "വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ നേപ്പാൾ സ്വദേശി കൊയിലാണ്ടി പൊലീസിന്റെ പിടിയിൽ"
english_title: "Nepali man arrested by Koyilandy police for raping woman on promise of marriage"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363928/nepali-man-arrested-by-koyilandy-police-for-raping-woman-on-promise-of-marriage"
published_at: "2026-06-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225a0d6dffa_KOYI1.jpg"
keywords: ["Latest News", "Koyilandy", "Nepalese", "Police", "Arrest"]
---

# വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ നേപ്പാൾ സ്വദേശി കൊയിലാണ്ടി പൊലീസിന്റെ പിടിയിൽ

> **Lead Summary:** **കൊയിലാണ്ടി:[ **വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിയ നേപ്പാൾ സ്വദേശി ബംഗളൂരുവിൽ വച്ച് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായി.

## Article Content

**കൊയിലാണ്ടി:[ **വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിയ നേപ്പാൾ സ്വദേശി ബംഗളൂരുവിൽ വച്ച് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായി.

ഗജേന്ദ്ര റാണ ചേത്രി എന്ന സാഗർ ചേത്രിയാണ് അറസ്റ്റിലായത്. രണ്ടു വർഷം മുൻപ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പ്രതി യുവതിയുമായി സൗഹൃദത്തിലാകുന്നത്.

താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് ഇയാൾ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയത്. എന്നാൽ പിന്നീട് വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതി തന്റെ മൊബൈൽ ഫോണും സിം കാർഡും പൂർണ്ണമായും ഉപേക്ഷിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടെത്താനായി പൊലീസ് ഉത്തരേന്ത്യയിലും ബംഗളൂരുവിലും പലതവണ അന്വേഷണം നടത്തിയെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു.

എന്നാൽ, ഒളിവിൽ കഴിയുന്നതിനിടെ പ്രതി തന്റെ ഇ മെയിൽ ഐഡി ഉപയോഗിക്കാൻ ശ്രമിച്ചതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നീക്കം മനസ്സിലാക്കിയ അന്വേഷണസംഘം പ്രതിയെ തന്ത്രപരമായി കുടുക്കുകയായിരുന്നു.

ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബംഗളൂരുവിലെ നിഗള്ളി എന്ന സ്ഥലത്ത് വെച്ചാണ് എഎസ്ഐ വിജു വാണിയംകുളം, എസ്‌സിപിഒ ഷിബിൻ കുമാർ എന്നിവർ ചേർന്ന് ഇയാളെ പിടികൂടിയത്.

എസ്‌പി ഫറാഫ്, ഡിവൈഎസ്‌പി സനിൽകുമാർ, ഇൻസ്പെക്ടർ പി. വിജേഷ്, എസ്ഐ കെ.പി. ഗിരീഷ്, സൈബർ സെൽ എസ്ഐ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363928/nepali-man-arrested-by-koyilandy-police-for-raping-woman-on-promise-of-marriage)