---
title: "ഇരിങ്ങലിൽ ദാരുണ അപകടം: നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് കാൽതെന്നി വീണ് തൊഴിലാളി മരിച്ചു"
english_title: "Worker dies after falling from top of under-construction house"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363753/worker-dies-after-falling-from-top-of-under-construction-house"
published_at: "2026-06-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2124b025d73_koyi6.jpg"
keywords: ["Latest News", "Payyoli", "Worker Died", "Iringal"]
---

# ഇരിങ്ങലിൽ ദാരുണ അപകടം: നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് കാൽതെന്നി വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **പയ്യോളി:[ **നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് കാൽതെന്നി വീണ് ഇരിങ്ങൽ സ്വദേശിയായ നിർമ്മാണത്തൊഴിലാളി മരിച്ചു. പെരിങ്ങാട് കോട്ടക്കുന്നുമ്മൽ പി.എം. അച്യുതൻ ആണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**പയ്യോളി:[ **നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് കാൽതെന്നി വീണ് ഇരിങ്ങൽ സ്വദേശിയായ നിർമ്മാണത്തൊഴിലാളി മരിച്ചു. പെരിങ്ങാട് കോട്ടക്കുന്നുമ്മൽ പി.എം. അച്യുതൻ ആണ് ദാരുണമായി മരണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോൺക്രീറ്റ് ചെയ്യാനായി പലകയടിച്ചു വെച്ചിരുന്ന വീട്ടിലെ ഷീറ്റിനിടയിലൂടെ വെള്ളമിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മുകളിൽ ഷീറ്റ് ഇടാനായി പോയതായിരുന്നു അദ്ദേഹം.

കോണിപ്പടികൾ കയറുന്നതിനിടെ അബദ്ധത്തിൽ കാൽതെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുങ്ങാട്ട് യൂണിറ്റ് ഭാരവാഹിയും നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗവുമായ അച്യുതൻ പ്രദേശത്തെ ഓട്ടോ ഡ്രൈവർ കൂടിയാണ്.

പരേതരായ കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ സി.പി.എം കോട്ടക്കുന്ന് ബ്രാഞ്ചംഗമായ ശൈലജയാണ്. സോനു, ദിയ എന്നിവർ മക്കളും അനഘ മരുമകളുമാണ്. കൃഷ്ണൻ, ചന്ദ്രൻ, മോളി, പരേതയായ ശാന്ത എന്നിവർ സഹോദരങ്ങളാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടക്കുന്ന് കയർ സൊസൈറ്റിക്ക് സമീപമുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363753/worker-dies-after-falling-from-top-of-under-construction-house)