---
title: "നെല്ല്യാടിയിൽ വീണ്ടും കക്കൂസ് മാലിന്യ നിക്ഷേപിച്ചു; കിണറുകളും പുഴയും മലിനമായി, ഒടുവിൽ ക്യാമറ വെക്കാൻ നാട്ടുകാർ രംഗത്ത്!"
english_title: "Toilet waste dumped again in Nelliyadi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363592/toilet-waste-dumped-again-in-nelliyadi"
published_at: "2026-06-03T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fef92eb43a_koyi4.jpg"
keywords: ["Latest News", "Koyilandy", "Nelliyadi"]
---

# നെല്ല്യാടിയിൽ വീണ്ടും കക്കൂസ് മാലിന്യ നിക്ഷേപിച്ചു; കിണറുകളും പുഴയും മലിനമായി, ഒടുവിൽ ക്യാമറ വെക്കാൻ നാട്ടുകാർ രംഗത്ത്!

> **Lead Summary:** **കൊയിലാണ്ടി: [**[ ]നെല്ല്യാടി റോഡ് അണ്ടർപാസിന് സമീപത്തെ തോട്ടിൽ രാത്രിയുടെ മറവിൽ അജ്ഞാത സംഘം വീണ്ടും വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം ഇവിടെ തള്ളുന്നതെന്ന് മുൻ കൗൺസിലർ നടേരി ഭാസ്ക്കരൻ വ്യക്തമാക്കി.

## Article Content

**കൊയിലാണ്ടി: [**[ ]നെല്ല്യാടി റോഡ് അണ്ടർപാസിന് സമീപത്തെ തോട്ടിൽ രാത്രിയുടെ മറവിൽ അജ്ഞാത സംഘം വീണ്ടും വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം ഇവിടെ തള്ളുന്നതെന്ന് മുൻ കൗൺസിലർ നടേരി ഭാസ്ക്കരൻ വ്യക്തമാക്കി.

കാലവർഷം കനത്തതോടെ തോട്ടിൽ വലിയ തോതിൽ വെള്ളം ഒഴുക്കുള്ള സമയമാണിത്. ഈ വെള്ളത്തിലേക്കാണ് ജനങ്ങളുടെ ആരോഗ്യത്തെ പന്താടിക്കൊണ്ട് ലക്കും ലഗാനുമില്ലാതെ മാലിന്യം ഒഴുക്കിവിട്ടിരിക്കുന്നത്.

തോട്ടിലൂടെ ഒഴുകുന്ന ഈ മലിനജലം നേരിട്ടെത്തുന്നത് പ്രദേശത്തെ പ്രധാന ജലാശയമായ നടേരി പുഴയിലേക്കാണ് എന്നുള്ളത് പ്രശ്നത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. നിരവധി ആളുകൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ആശ്രയിക്കുന്ന നടേരി പുഴയിലേക്ക് കക്കൂസ് മാലിന്യം കലർന്ന വെള്ളം എത്തുന്നതോടെ വലിയ രീതിയിലുള്ള ആരോഗ്യ പ്രതിസന്ധിയാണ് പ്രദേശവാസികൾ നേരിടുന്നത്.

കൂടാതെ, തോടിന് സമീപമുള്ള നിരവധി വീടുകളിലെ കിണറുകളിലേക്ക് ഈ മലിനജലത്തിന്റെ ഉറവ ഇറങ്ങിച്ചെല്ലുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ ഇടയാക്കുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

രാത്രികാലങ്ങളിൽ ഈ റൂട്ടിൽ തമ്പടിക്കുന്ന മാലിന്യമാഫിയയെ പിടികൂടുന്നതിനായി നെല്ല്യാടി ഗേറ്റിനും നെല്ല്യാടി പാലത്തിനും ഇടയിലുള്ള പ്രധാന ഭാഗങ്ങളിൽ അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363592/toilet-waste-dumped-again-in-nelliyadi)