---
title: "പൊയിൽക്കാവിലെ ദേശീയപാത യാത്രാദുരിതം: അടിയന്തര പരിഹാരമില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു"
english_title: "KSU says it will continue with a strong protest over the national highway traffic problems in Poilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363590/ksu-says-it-will-continue-with-a-strong-protest-over-the-national-highway-traffic-problems-in-poilkavu"
published_at: "2026-06-03T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fedf3c0399_ksu.jpg"
keywords: ["Latest News", "Poilkave", "National Highway", "KSU"]
---

# പൊയിൽക്കാവിലെ ദേശീയപാത യാത്രാദുരിതം: അടിയന്തര പരിഹാരമില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു

> **Lead Summary:** **കൊയിലാണ്ടി: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊയിൽക്കാവ് മേഖലയിൽ ജനങ്ങളും വിദ്യാർത്ഥികളും നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊയിൽക്കാവ് മേഖലയിൽ ജനങ്ങളും വിദ്യാർത്ഥികളും നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയുണ്ടായിരുന്ന സർവീസ് റോഡ് പൂർണ്ണമായി അടച്ചതോടെ പ്രദേശവാസികളും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

മുൻപ് കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ സഞ്ചരിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ റോഡ് അടച്ചതോടെ ഇരുഭാഗങ്ങളിലും ബസിറങ്ങുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനോ താഴേക്ക് ഇറങ്ങാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കാലവർഷം കനത്തതോടെ താൽക്കാലികമായി നിർമ്മിച്ച നടവഴിയും തകർന്നത് മേഖലയിൽ അപകടസാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്നവർ അതിവേഗപാത മുറിച്ചുകടക്കേണ്ടി വരുന്നത് ഏത് നിമിഷവും വലിയൊരു ദുരന്തത്തിന് വഴിവെച്ചേക്കാമെന്നും കെ.എസ്.യു ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇവിടെ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി നടപടിയുണ്ടായില്ലെങ്കിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363590/ksu-says-it-will-continue-with-a-strong-protest-over-the-national-highway-traffic-problems-in-poilkavu)