---
title: "പിഷാരികാവ് ക്ഷേത്ര പരിസരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം; കൂട്ടത്തോടെയെത്തുന്ന നായകൾ ഭക്തർക്ക് ഭീഷണിയാകുന്നു"
english_title: "Stray dogs are increasingly common in the vicinity of the Pisharikavu temple."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363360/stray-dogs-are-increasingly-common-in-the-vicinity-of-the-pisharikavu-temple"
published_at: "2026-06-02T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e97234b5ea_koyi8.jpg"
keywords: ["Latest News", "Koyilandy", "Pisharikavu Temple", "Stray Dogs"]
---

# പിഷാരികാവ് ക്ഷേത്ര പരിസരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം; കൂട്ടത്തോടെയെത്തുന്ന നായകൾ ഭക്തർക്ക് ഭീഷണിയാകുന്നു

> **Lead Summary:** **കൊയിലാണ്ടി/കൊല്ലം: [ **പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു.

## Article Content

**കൊയിലാണ്ടി/കൊല്ലം: [ **പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു.

നിത്യേന നൂറുകണക്കിന് ഭക്തർ എത്തുന്ന ക്ഷേത്ര അങ്കണത്തിലും പരിസരങ്ങളിലും നായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

പുതിയ അധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറന്നതോടെ, ഈ മേഖലയിലെ സ്കൂളുകളിലേക്ക് പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഈ നായക്കൂട്ടം വലിയൊരു ഭീഷണിയായി മാറിയിട്ടുണ്ട്.

അഞ്ചും ആറും നായകൾ അടങ്ങുന്ന സംഘങ്ങളാണ് ആളുകൾ സ്ഥിരമായി നടന്നുപോകുന്ന വഴികളിൽ നിലയുറപ്പിക്കുന്നത്. ഏതു നിമിഷമാണ് ഇവ അക്രമാസക്തരാവുകയെന്ന ഭീതിയിൽ പ്രായമായവരടക്കമുള്ള ഭക്തർ കടുത്ത പേടിയോടെയാണ് ക്ഷേത്രത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

ക്ഷേത്ര പരിസരത്തിന് പുറമെ കൊല്ലം, ആനക്കുളം ബസ് സ്റ്റോപ്പുകളിലും ദേശീയപാതയോരത്തും നായകൾ പതിവായി തമ്പടിക്കാറുണ്ട്. ഇത് കാൽനടയാത്രക്കാർക്ക് മാത്രമല്ല, ഇരുചക്രവാഹനങ്ങളിലും മറ്റ് ചെറുവാഹനങ്ങളിലും സഞ്ചരിക്കുന്നവർക്കും ഒരുപോലെ അപകടഭീഷണിയുയർത്തുന്നു.

സ്കൂളുകൾ സജീവമായതോടെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പും ഏറിയിരിക്കുകയാണ്. സമീപത്തെ എൽ.പി, യു.പി സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ഭയത്തോടെയാണ് മാതാപിതാക്കൾ ഇതുവഴി കടന്നുപോകുന്നത്.

മുൻപ് പിഷാരികാവ് ദേവസ്വം സ്കൂളിലെ ഒരു അധ്യാപികയെ തെരുവുനായ ഓടിച്ച സംഭവം ഉണ്ടായതും ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളുടെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പരിസരങ്ങളിലെ മാലിന്യ സംസ്കരണം കർശനമാക്കുന്നതിനൊപ്പം, അക്രമസ്വഭാവമുള്ള നായകളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വന്ധ്യംകരണ നടപടികൾ ഊർജ്ജിതമാക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363360/stray-dogs-are-increasingly-common-in-the-vicinity-of-the-pisharikavu-temple)