---
title: "സിനിമാ സ്റ്റൈലിൽ ചെയ്‌സ്; മാഹിയിൽ നിന്ന് കടത്തിയ 6000 ലിറ്റർ ഡീസലുമായി പാഞ്ഞ ലോറി ജിഎസ്ടി സംഘം പിടികൂടി"
english_title: "GST team seizes lorry carrying 6000 liters of diesel smuggled from Mahe"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363348/gst-team-seizes-lorry-carrying-6000-liters-of-diesel-smuggled-from-mahe"
published_at: "2026-06-02T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e85ac77a6e_koyi7.jpg"
keywords: ["Latest News", "Koyilandy", "GST", "Caught", "6000 Liters Of Diesel"]
---

# സിനിമാ സ്റ്റൈലിൽ ചെയ്‌സ്; മാഹിയിൽ നിന്ന് കടത്തിയ 6000 ലിറ്റർ ഡീസലുമായി പാഞ്ഞ ലോറി ജിഎസ്ടി സംഘം പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: [ **മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ആറായിരം ലിറ്റർ ഡീസലുമായി പാഞ്ഞ ലോറിയെ ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി.

## Article Content

**കൊയിലാണ്ടി: [ **മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ആറായിരം ലിറ്റർ ഡീസലുമായി പാഞ്ഞ ലോറിയെ ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജിഎസ്ടി വകുപ്പിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച KL 18 AB 1317 നമ്പറിലുള്ള ലോറി അമിതവേഗതയിൽ പാഞ്ഞ് ഒടുവിൽ വഴിയോരത്തെ വീടിന്റെ മതിൽ ഇടിച്ചുതകർക്കുകയായിരുന്നു.

ദേശീയപാതയിൽ നന്തിക്ക് സമീപം ജിഎസ്ടി ഉദ്യോഗസ്ഥർ വാഹനം തടയാൻ കൈകാണിച്ചെങ്കിലും ലോറി നിർത്താതെ പോവുകയായിരുന്നു. ജിഎസ്ടി സംഘം പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകർക്കാനും പ്രതികൾ ശ്രമം നടത്തി.

തുടർന്ന് ജിഎസ്ടി സംഘം വിടാതെ പിന്തുടർന്ന് ലോറിക്ക് കുറുകെ സ്വന്തം വാഹനം ഇട്ട് തടയാൻ ശ്രമിച്ചെങ്കിലും ലോറി വെട്ടിച്ച് അമിതവേഗതയിൽ കുതിച്ചുപാഞ്ഞു. ഈ നിയന്ത്രണം വിട്ട പാച്ചിലിനൊടുവിലാണ് കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്കിലെ വലിയ വയലിൽ പ്രീതാ സൗധത്തിൽ പി.കെ. ശിവന്റെ വീട്ടുമതിൽ ലോറി ഇടിച്ചുതകർത്തത്.

അപകടം നടന്നയുടൻ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന മറ്റൊരാളും വണ്ടിയിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. ഇടിച്ച ആഘാതത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലോറിയിൽ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 6000 ലിറ്റർ ഡീസൽ ജിഎസ്ടി വിഭാഗം കണ്ടെടുത്തത്.

അപകടമുണ്ടാക്കിയ ലോറി പിന്നീട് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർമാരായ ടി.പി. ലിതീഷ്, പി.കെ. ഷിജിൽ കുമാർ, ഡ്രൈവർ രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് സാഹസികമായി മയക്കുമരുന്ന് മാതൃകയിലുള്ള ഈ നികുതിവെട്ടിപ്പ് ലോറിയെ പിടികൂടിയത്.

സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നികുതി വെട്ടിപ്പിനും കൊയിലാണ്ടി പോലീസിൽ ജിഎസ്ടി വകുപ്പ് പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363348/gst-team-seizes-lorry-carrying-6000-liters-of-diesel-smuggled-from-mahe)