---
title: "സ്കൂട്ടറിന്റെ വൈസറിനുള്ളിൽ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Railway employee miraculously survives snake bite in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363346/railway-employee-miraculously-survives-snake-bite-in-koyilandy"
published_at: "2026-06-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e82b9aebe5_KOYI6.jpg"
keywords: ["Latest News", "Koyilandy", "Python", "Escaped"]
---

# സ്കൂട്ടറിന്റെ വൈസറിനുള്ളിൽ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **കൊയിലാണ്ടി:[ ** അർധരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റെയിൽവേ ജീവനക്കാരൻ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

## Article Content

**കൊയിലാണ്ടി:[ ** അർധരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റെയിൽവേ ജീവനക്കാരൻ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കൊയിലാണ്ടി ഉള്ളൂർ ചെറിയ പുരയിൽ സ്മിത്തിന്റെ സ്കൂട്ടറിന്റെ മുൻവശത്തെ വൈസറിനുള്ളിലാണ് ഇടത്തരം പെരുമ്പാമ്പ് കയറിക്കൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സെക്ഷൻ എൻജിനീയറായ സ്മിത്ത് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിലെ ജോലിക്ക് ശേഷം സുഹൃത്ത് ശ്രീഹരിക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

സുഹൃത്തിനെ കൊയിലാണ്ടിയിൽ ഇറക്കി ഉള്ളൂരിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ കുറുവങ്ങാട് വെച്ചാണ് ഇന്നലെ പുലർച്ചെ സ്മിത്ത് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വണ്ടി ഓടിക്കുന്നതിനിടെ ഹാൻഡിലിനുള്ളിൽ നിന്ന് പെട്ടെന്ന് പുറത്തേക്ക് തലയിട്ട പാമ്പ് സ്മിത്തിന്റെ കൈയിൽ തട്ടുകയായിരുന്നു.

ആദ്യത്തെ പരിഭ്രാന്തിക്ക് ശേഷം സ്മിത്ത് സമചിത്തത വീണ്ടെടുത്ത് സ്കൂട്ടർ മെല്ലെ റോഡരികിലേക്ക് മാറ്റി നിർത്തി പരിശോധിച്ചപ്പോഴാണ് വൈസറിനുള്ളിൽ ഒളിച്ചിരുന്ന ഒന്നര മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.

ഈ സമയം ഇരുചക്ര വാഹനത്തിൽ അതുവഴി വന്ന മറ്റ് രണ്ട് യാത്രക്കാർ വിവരം അറിഞ്ഞ് വണ്ടി നിർത്തിയതോടെ സ്മിത്തിന് ധൈര്യമായി. തുടർന്ന് ഇവരുടെയെല്ലാം സഹായത്തോടെ ഒരു വടികൊണ്ട് തട്ടി പാമ്പിനെ സ്കൂട്ടറിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിനോട് ചേർന്ന ഷെഡ്ഡിലായിരുന്നു സ്മിത്ത് സ്കൂട്ടർ പാർക്ക് ചെയ്തിരുന്നത്. ഇവിടെ മുൻപും പാമ്പുകളെ കണ്ടിട്ടുണ്ടെന്നും അവിടെ വെച്ചായിരിക്കാം പാമ്പ് വണ്ടിക്കുള്ളിൽ കയറിയതെന്നും സ്മിത്ത് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363346/railway-employee-miraculously-survives-snake-bite-in-koyilandy)