---
title: "പയ്യോളിയിൽ സർവീസ് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; ബസ്സ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Students injured in bus-bike collision in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363316/students-injured-in-bus-bike-collision-in-payyoli"
published_at: "2026-06-02T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e74ed4daf2_koyi4.jpg"
keywords: ["Latest News", "Payyoli", "Accident"]
---

# പയ്യോളിയിൽ സർവീസ് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; ബസ്സ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പയ്യോളി: [ **ദേശീയപാത സർവീസ് റോഡിൽ പേരാമ്പ്ര റോഡ് ജങ്ഷന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

## Article Content

**പയ്യോളി: [ **ദേശീയപാത സർവീസ് റോഡിൽ പേരാമ്പ്ര റോഡ് ജങ്ഷന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

പേരാമ്പ്ര റോഡിൽ നിന്നും ദേശീയപാത സർവീസ് റോഡിലേക്ക് അമിതവേഗതയിൽ പാഞ്ഞു വന്ന KL 56 G 0261 നമ്പറിലുള്ള സ്വകാര്യ ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബൈക്ക് പൂർണ്ണമായും ബസ്സിനടിയിലായെങ്കിലും യാത്രികരായ വിദ്യാർത്ഥികൾ അത്ഭുതകരമായാണ് വലിയൊരു ദുരന്തത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്ന ഇരിങ്ങൽ കുന്നങ്ങോത്ത് മെൽവിൻ എസ്. ഗോവിന്ദും പിന്നിലിരുന്ന സഹപാഠിയായ വിദ്യാർത്ഥിനിയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളി അങ്ങാടിയിലുള്ള ഒരു സഹപാഠിയുടെ വീട്ടിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ബൈക്കിൽ ഒന്നിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന തൊട്ടുപിന്നാലെ നാട്ടുകാർ ഓടിക്കൂടിയതോടെ ബസ്സ് ഡ്രൈവർ വാഹനം നിർത്തി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363316/students-injured-in-bus-bike-collision-in-payyoli)