---
title: "കൊയിലാണ്ടിയിൽ ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയായി റോഡരികിലെ വാഹനങ്ങൾ; കാലവർഷം കനത്താൽ ദുരിതം ഇരട്ടിയാകും"
english_title: "Vehicles on the roadside pose a threat to traffic safety in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363313/vehicles-on-the-roadside-pose-a-threat-to-traffic-safety-in-koyilandy"
published_at: "2026-06-02T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6df7f0cdb_koyi3.jpg"
keywords: ["Latest News", "Koyilandy", "Traffic safety"]
---

# കൊയിലാണ്ടിയിൽ ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയായി റോഡരികിലെ വാഹനങ്ങൾ; കാലവർഷം കനത്താൽ ദുരിതം ഇരട്ടിയാകും

> **Lead Summary:** **കൊയിലാണ്ടി: [** കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിൽപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കൂട്ടത്തോടെ റോഡരികിൽ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ദുരിതമാകുന്നു.

## Article Content

**കൊയിലാണ്ടി: [** കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിൽപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കൂട്ടത്തോടെ റോഡരികിൽ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ദുരിതമാകുന്നു.

തിരക്കേറിയ ദേശീയപാതയോരത്തെ നടപ്പാതകളും റോഡരികും പൂർണ്ണമായും കൈയേറിയ അവസ്ഥയിലാണ് നിലവിൽ വാഹനങ്ങൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. തൊട്ടടുത്ത് തന്നെ പന്തലായനി ജി.എച്ച്.എസ്.എസ് ഉൾപ്പെടെ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ, നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദിനംപ്രതി ഈ വഴി കടന്നുപോകുന്നത്.

റോഡരികിൽ ഇടമില്ലാത്തതിനാൽ കുട്ടികൾക്കും നാട്ടുകാർക്കും ജീവൻ പണയം വെച്ച് ദേശീയപാതയിലേക്ക് ഇറങ്ങി നടക്കേണ്ട ദുരവസ്ഥയാണുള്ളത്. അപകടങ്ങളിലും മറ്റ് ക്രിമിനൽ കേസുകളിലും പെട്ട നിരവധി വാഹനങ്ങളാണ് വർഷങ്ങളായി ഇവിടെ ഇത്തരത്തിൽ കിടന്ന് നശിക്കുന്നത്.

നിലവിലെ ഗതാഗതക്കുരുക്കിന് പുറമെ, കാലവർഷം ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് ശക്തമായ വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. റോഡരികിലെ വാഹനക്കൂട്ടം വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു.

തിരക്കേറിയ ദേശീയപാതയിലെ ഈ വാഹന പാർക്കിംഗ് വലിയൊരു അപകട ഭീഷണിയായി മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഈ സാഹചര്യത്തിൽ, അപകടാവസ്ഥ കണക്കിലെടുത്ത് ഇവിടെയുള്ള വാഹനങ്ങൾ എത്രയും പെട്ടെന്ന് മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പന്തലായനി ജി.എച്ച്.എസ്.എസ് സ്കൂൾ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ യാത്രാസൗകര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും മുൻനിർത്തി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും പി.ടി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363313/vehicles-on-the-roadside-pose-a-threat-to-traffic-safety-in-koyilandy)