---
title: "പൊയിൽക്കാവിൽ ബസ് യാത്രാ ദുരിതം രൂക്ഷം; നാട്ടുകാരെ അവഗണിച്ച് ദേശീയപാതാ അധികൃതർ, പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങൾ"
english_title: "Bus travel woes worsen in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362665/bus-travel-woes-worsen-in-poyilkavu"
published_at: "2026-05-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a766e03a64_koyi3.jpg"
keywords: ["Latest News", "Poilkave", "Travel woes", "National Highway"]
---

# പൊയിൽക്കാവിൽ ബസ് യാത്രാ ദുരിതം രൂക്ഷം; നാട്ടുകാരെ അവഗണിച്ച് ദേശീയപാതാ അധികൃതർ, പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങൾ

> **Lead Summary:** **പൊയിൽക്കാവ്: [ **ദേശീയപാത വികസനം ശാപമായി മാറിയ പൊയിൽക്കാവ് നിവാസികളുടെ ബസ് യാത്രാ പ്രതിസന്ധിയിൽ പരിഹാരം കാണാതെ ദേശീയപാതാ വിഭാഗവും റോഡ് നിർമാണ കമ്പനിയും ഒളിച്ചുകളി തുടരുന്നു.

## Article Content

**പൊയിൽക്കാവ്: [ **ദേശീയപാത വികസനം ശാപമായി മാറിയ പൊയിൽക്കാവ് നിവാസികളുടെ ബസ് യാത്രാ പ്രതിസന്ധിയിൽ പരിഹാരം കാണാതെ ദേശീയപാതാ വിഭാഗവും റോഡ് നിർമാണ കമ്പനിയും ഒളിച്ചുകളി തുടരുന്നു.

പൊയിൽക്കാവിന് പടിഞ്ഞാറും കിഴക്കുമുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് നിലവിൽ ഇവിടെ നിന്ന് ബസ് കയറാനോ ഇറങ്ങാനോ കഴിയാത്ത വശക്കേടിലാണ്. ഉയരത്തിലൂടെ കടന്നുപോകുന്ന പുതിയ ദേശീയപാതയിലേക്ക് നാട്ടുകാർക്ക് പ്രവേശിക്കാൻ കൃത്യമായ വഴികളൊന്നും ഒരുക്കിയിട്ടില്ല.

പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നൽകിയ ഉറപ്പുകളെല്ലാം കാറ്റിൽപ്പറത്തി തികച്ചും ഏകപക്ഷീയമായ സമീപനവുമായാണ് കരാർ കമ്പനി മുന്നോട്ടുപോകുന്നത്. കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറേണ്ടവരും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്നവരും നിലവിൽ പ്രധാന ഹൈവേയെയാണ് ആശ്രയിക്കുന്നത്.

എന്നാൽ ഇവിടേക്കുള്ള ഏക വഴി പോലും രാത്രി സമയങ്ങളിൽ ഇരുമ്പിന്റെ കൈവരികൾ വെച്ച് അടയ്ക്കാനുള്ള ശ്രമമാണ് കരാർ കമ്പനി നടത്തുന്നത്. കഴിഞ്ഞ ദിവസം കമ്പനി സ്ഥാപിച്ച ഇത്തരം തടസ്സങ്ങൾ നാട്ടുകാർ ഇടപെട്ട് പൊളിച്ചുമാറ്റിയിരുന്നു.

ചെങ്ങോട്ടുകാവ് മുതൽ പൊയിൽക്കാവ് വരെയുള്ള സർവീസ് റോഡിന്റെ പണികൾ കൃത്യമായ ഡ്രൈനേജ് സംവിധാനത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ പ്രദേശം കനത്ത ദുരിതത്തിലാകും.

സീബ്രാ ക്രോസിങ്ങോ മറ്റ് സുരക്ഷാ അടയാളങ്ങളോ ഇല്ലാത്ത റോഡിൽ ഇതിനകം തന്നെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വിദ്യാർഥികൾ കൂട്ടത്തോടെ ഹൈവേയിലേക്ക് എത്തുന്നതോടെ അപകടസാധ്യത ഇരട്ടിയാകുമെന്നാണ് ആശങ്ക.

കിഴക്കുഭാഗത്തെ സർവീസ് റോഡ് നിർമാണവും ഡ്രൈനേജ് പണികളും അടിയന്തരമായി പൂർത്തിയാക്കാൻ അധികാരികളും കരാർ കമ്പനിയും തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362665/bus-travel-woes-worsen-in-poyilkavu)