---
title: "ചേമഞ്ചേരിയിൽ ദുരിതമൊഴിയാതെ യാത്രക്കാർ; മഴക്കാലം അരികിലെത്തിയിട്ടും ഇഴഞ്ഞ് ദേശീയപാത സർവീസ് റോഡ് നിർമാണം"
english_title: "Construction of National Highway service road by dragging in Chemancherry"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362657/construction-of-national-highway-service-road-by-dragging-in-chemancherry"
published_at: "2026-05-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a736a3da72_koyi1.jpg"
keywords: ["Latest News", "Chemanchery", "National Highway", "Road construction"]
---

# ചേമഞ്ചേരിയിൽ ദുരിതമൊഴിയാതെ യാത്രക്കാർ; മഴക്കാലം അരികിലെത്തിയിട്ടും ഇഴഞ്ഞ് ദേശീയപാത സർവീസ് റോഡ് നിർമാണം

> **Lead Summary:** **ചേമഞ്ചേരി: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരി മേഖലയിൽ നടക്കുന്ന സർവീസ് റോഡ് നിർമാണം അനിശ്ചിതമായി നീളുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

## Article Content

**ചേമഞ്ചേരി: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരി മേഖലയിൽ നടക്കുന്ന സർവീസ് റോഡ് നിർമാണം അനിശ്ചിതമായി നീളുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

ചേമഞ്ചേരി പെട്രോൾ പമ്പിന് തെക്കോട്ട് ഒന്നര കിലോമീറ്ററിലധികം ദൂരത്തിൽ ഇപ്പോഴും സർവീസ് റോഡ് നിർമിച്ചിട്ടില്ല. മെയിൻ റോഡിന്റെ പണികൾ ഏതാണ്ട് പൂർത്തിയായ ഈ ഭാഗം കനത്ത മഴ പെയ്താൽ എപ്പോഴും വെള്ളം നിറയുന്ന ലോവർ ഏരിയയാണ്.

വേനൽക്കാലത്ത് പ്രവൃത്തി പൂർത്തിയാക്കാൻ ദേശീയപാതാ വിഭാഗം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാലവർഷം ശക്തമാകുന്നതോടെ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

മഴക്കാലത്ത് ഇവിടെ പ്രവൃത്തി നടത്തുകയെന്നത് കരാർ കമ്പനിക്ക് വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യും. സർവീസ് റോഡിന്റെ നിർമാണത്തിലെ അപാകതകൾ പ്രദേശത്തെ ഗതാഗത സംവിധാനത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

പൊയിൽക്കാവിൽനിന്ന് ചേമഞ്ചേരി വരെയുള്ള സർവീസ് റോഡുകൾ തമ്മിൽ കൃത്യമായ കണക്ഷനില്ലാത്തതിനാൽ പൊയിൽക്കാവ് ജംഗ്ഷനിൽ സ്ഥിരമായി കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഇതിനുപുറമെ, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തും സർവീസ് റോഡിന്റെ പണി പകുതിവഴിയിൽ നിലച്ച മട്ടാണ്. മഴ കനക്കുന്നതിന് മുൻപ് അടിയന്തരമായി ഇടപെട്ട് സർവീസ് റോഡിന്റെ പണികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362657/construction-of-national-highway-service-road-by-dragging-in-chemancherry)