---
title: "കൊല്ലം പിഷാരികാവ് ഉത്സവം കഴിഞ്ഞ് രണ്ടുമാസമായിട്ടും വിളക്കുകൾ കെട്ടിയ മുളകൾ മാറ്റിയില്ല; ദേശീയ പാതയിൽ വൻ അപകടഭീഷണി"
english_title: "Even after two months of the Kollam Pisharikavu festival, the bamboos with the lamps still have not been changed."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362547/even-after-two-months-of-the-kollam-pisharikavu-festival-the-bamboos-with-the-lamps-still-have-not-been-changed"
published_at: "2026-05-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a196f96593ba_22.jpg"
keywords: ["Latest News", "Kollam", "Pisharikavu"]
---

# കൊല്ലം പിഷാരികാവ് ഉത്സവം കഴിഞ്ഞ് രണ്ടുമാസമായിട്ടും വിളക്കുകൾ കെട്ടിയ മുളകൾ മാറ്റിയില്ല; ദേശീയ പാതയിൽ വൻ അപകടഭീഷണി

> **Lead Summary:** **കൊല്ലം: [**പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കഴിഞ്ഞ് രണ്ടുമാസത്തോളമായിട്ടും ഉത്സവത്തോടനുബന്ധിച്ച് അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനായി കെട്ടിയുയര്‍ത്തിയ കൂറ്റന്‍ മുളകള്‍ അഴിച്ചുമാറ്റാത്തത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കനത്ത അപകട ഭീഷണിയാകുന്നു.

## Article Content

**കൊല്ലം: [**പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കഴിഞ്ഞ് രണ്ടുമാസത്തോളമായിട്ടും ഉത്സവത്തോടനുബന്ധിച്ച് അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനായി കെട്ടിയുയര്‍ത്തിയ കൂറ്റന്‍ മുളകള്‍ അഴിച്ചുമാറ്റാത്തത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കനത്ത അപകട ഭീഷണിയാകുന്നു.

കൊല്ലം ചിറയുടെ കിഴക്കുവശത്തായുള്ള ആല്‍മരത്തിന് സമീപം സ്ഥാപിച്ച മുളകൊണ്ടുള്ള വലിയ സ്റ്റാന്റാണ് ഇപ്പോഴും പാതയോരത്ത് യാതൊരു സുരക്ഷയുമില്ലാതെ നിലകൊള്ളുന്നത്. കനത്ത വേനൽച്ചൂടും പിന്നാലെയെത്തിയ വേനൽമഴയുമേറ്റ് ഈ മുളകള്‍ക്ക് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്.

ഏതുസമയത്തും റോഡിലേക്ക് ചരിഞ്ഞുവീഴാവുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് നിലവിൽ ഈ താല്ക്കാലിക സംവിധാനമുള്ളത്. പുതിയ അധ്യയന വർഷം ആരംഭിച്ച് സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാർ നിത്യേന കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ അവഗണന തുടരുന്നത്.

വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഈ കൂറ്റൻ മുളകൾ പാതയിലേക്ക് നിലംപതിക്കാനുള്ള സാധ്യതയേറെയാണ്. ഇതുകൂടാതെ, ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തരുടെ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങളാണ് നിത്യേന ഈ ഭാഗത്ത് പാർക്ക് ചെയ്യുന്നത്.

കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി, ഭീഷണിയായി നിൽക്കുന്ന ഈ മുളകൾ എത്രയും വേഗം അഴിച്ചുമാറ്റാൻ ദേവസ്വം ബോർഡ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362547/even-after-two-months-of-the-kollam-pisharikavu-festival-the-bamboos-with-the-lamps-still-have-not-been-changed)