---
title: "സ്വരലയങ്ങളോടെ ഗുരുവിന് ആദരം; കൊയിലാണ്ടിയിൽ പ്രൊഫ. കെ.ആർ. കേദാരനാഥ് അനുസ്മരണവും അടൂർ പി. സുദർശനന്റെ സംഗീത കച്ചേരിയും "
english_title: "content highlights:- Prof. K.R. Kedarnath memorial and Adoor P. Sudarshan's music concert in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362283/content-highlights-prof-kr-kedarnath-memorial-and-adoor-p-sudarshans-music-concert-in-koyilandy"
published_at: "2026-05-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17dd5a9b45d_koyi4.jpg"
keywords: ["Latest News", "Koyilandy", "Commemoration", "Music concert"]
---

# സ്വരലയങ്ങളോടെ ഗുരുവിന് ആദരം; കൊയിലാണ്ടിയിൽ പ്രൊഫ. കെ.ആർ. കേദാരനാഥ് അനുസ്മരണവും അടൂർ പി. സുദർശനന്റെ സംഗീത കച്ചേരിയും 

> **Lead Summary:** **കൊയിലാണ്ടി: [**അന്തരിച്ച പ്രശസ്ത സംഗീതഗുരുവും കേരളത്തിലെ വിവിധ സർക്കാർ സംഗീത കോളേജുകളിലെ മുൻ അധ്യാപകനുമായിരുന്ന പ്രൊഫ. കെ.ആർ. കേദാരനാഥിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു.

## Article Content

**കൊയിലാണ്ടി: [**അന്തരിച്ച പ്രശസ്ത സംഗീതഗുരുവും കേരളത്തിലെ വിവിധ സർക്കാർ സംഗീത കോളേജുകളിലെ മുൻ അധ്യാപകനുമായിരുന്ന പ്രൊഫ. കെ.ആർ. കേദാരനാഥിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു.

കൊയിലാണ്ടി ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. കാവുംവട്ടം വാസുദേവൻ, അഡ്വ. കെ.ടി. ശ്രീനിവാസൻ, നഗരസഭ കൗൺസിലർ സി.കെ. ജയദേവൻ, സുനിൽ തിരുവങ്ങൂർ, ഷിജു ഒരുമ്മൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ ശാസ്ത്രീയ കൃതികളുടെ ആലാപനവും അരങ്ങേറി. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ പി. സുദർശനന്റെ നേതൃത്വത്തിൽ നടന്ന ഭക്തിനിർഭരമായ സംഗീത കച്ചേരി പരിപാടിയുടെ പ്രധാന ആകർഷണമായി.

വയലിനിൽ ഹരികുമാർ തിരുവനന്തപുരവും, മൃദംഗത്തിൽ വടകര പി.വി. അനിൽകുമാറും, ഗഞ്ചിറയിൽ പുറമറ്റം അമൽ ജിത്തും പക്കമേളമൊരുക്കി സംഗീത കച്ചേരിക്ക് മാറ്റുകൂട്ടി. പ്രമുഖ സംഗീതജ്ഞരും ആസ്വാദകരും ഉൾപ്പെടെ നിരവധി പേരാണ് ഗുരുവിനോടുള്ള ആദരസൂചകമായി ചടങ്ങിൽ ഒത്തുചേർന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362283/content-highlights-prof-kr-kedarnath-memorial-and-adoor-p-sudarshans-music-concert-in-koyilandy)