---
title: "ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം; ചളിക്കുഴിയായ വഴിയിൽ മണ്ണിറക്കി"
english_title: "content highlights:- Temporary solution to waterlogging on Chemancherry Railway Station Road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362107/content-highlights-temporary-solution-to-waterlogging-on-chemancherry-railway-station-road"
published_at: "2026-05-27T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a169d1a83e23_koyi7.jpg"
keywords: ["Latest News", "Koyilandy"]
---

# ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം; ചളിക്കുഴിയായ വഴിയിൽ മണ്ണിറക്കി

> **Lead Summary:** **ചേമഞ്ചേരി: [** ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനും ഹൈവേക്കും നടുവിലുള്ള പ്രധാന യാത്രാറോഡ് ചെളിക്കുളമായ പ്രശ്നത്തിന് ഒടുവിൽ താൽക്കാലിക പരിഹാരമായി.

## Article Content

**ചേമഞ്ചേരി: [** ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനും ഹൈവേക്കും നടുവിലുള്ള പ്രധാന യാത്രാറോഡ് ചെളിക്കുളമായ പ്രശ്നത്തിന് ഒടുവിൽ താൽക്കാലിക പരിഹാരമായി.

ദിവസങ്ങളായി റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടന്നത് മൂലം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരുന്നു. വയോധികരും സ്കൂൾ കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ബസ് സർവീസുകളെയും മറ്റ് വാഹന സൗകര്യങ്ങളെയും ആശ്രയിക്കാനുള്ള ഏക വഴിയാണിത്.

കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്യാതിരുന്നിട്ടും റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞുപോകാത്ത അവസ്ഥയായിരുന്നു. ഇതോടെ യാത്രക്കാർക്ക് കാൽനടയാത്ര പോലും അസാധ്യമായി മാറി.

ഇതിനെതിരെ നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും നാഷണൽ ഹൈവേ അതോറിറ്റിയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ചളിക്കുഴിയായി മാറിയ ഭാഗങ്ങളിൽ വലിയ തോതിൽ മണ്ണിറക്കി നിരപ്പാക്കുകയായിരുന്നു.

വരാനിരിക്കുന്ന കനത്ത കാലവർഷത്തിന് മുൻപായി റോഡിലെ വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരം കാണാൻ ഹൈവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362107/content-highlights-temporary-solution-to-waterlogging-on-chemancherry-railway-station-road)