---
title: "പയ്യോളിയിൽ അടച്ചിട്ട വീടുകളിൽ കള്ളൻ കയറി; തെളിവ് നശിപ്പിക്കാൻ സി.സി.ടി.വി ക്യാമറകളും അഴിച്ചുകൊണ്ടുപോയി"
english_title: "CONTENT HIGHLIGHTS:- Thief breaks into locked houses in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362092/content-highlights-thief-breaks-into-locked-houses-in-payyoli"
published_at: "2026-05-27T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1695f72ff2e_koyi5.jpg"
keywords: ["Latest News", "Thief entered", "Payyoli"]
---

# പയ്യോളിയിൽ അടച്ചിട്ട വീടുകളിൽ കള്ളൻ കയറി; തെളിവ് നശിപ്പിക്കാൻ സി.സി.ടി.വി ക്യാമറകളും അഴിച്ചുകൊണ്ടുപോയി

> **Lead Summary:** **പയ്യോളി: [**[ ]അയനിക്കാട് മാപ്പിള എൽ.പി സ്കൂളിന് സമീപം അടച്ചിട്ടിരുന്ന രണ്ട് വീടുകളിൽ മോഷണം നടന്നു. അയനിക്കാട് ചെറിയാടത്ത് 'ഇന്ദീവര'ത്തിൽ ആശ, 'അനുഗ്രഹ'യിൽ പ്രകാശൻ എന്നിവരുടെ വീടുകളിലാണ് ഒരേസമയം മോഷ്ടാക്കൾ അർദ്ധരാത്രിയിൽ വിളയാടിയത്.

## Article Content

**പയ്യോളി: [**[ ]അയനിക്കാട് മാപ്പിള എൽ.പി സ്കൂളിന് സമീപം അടച്ചിട്ടിരുന്ന രണ്ട് വീടുകളിൽ മോഷണം നടന്നു. അയനിക്കാട് ചെറിയാടത്ത് 'ഇന്ദീവര'ത്തിൽ ആശ, 'അനുഗ്രഹ'യിൽ പ്രകാശൻ എന്നിവരുടെ വീടുകളിലാണ് ഒരേസമയം മോഷ്ടാക്കൾ അർദ്ധരാത്രിയിൽ വിളയാടിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ രണ്ടു വീടുകളിലും മോഷണം നടന്ന വിവരം പുറംലോകം അറിയുന്നത്. വീടുകളുടെ മുൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർക്കുകയും പ്രധാന വാതിൽ പൊളിക്കുകയുമാണ് മോഷ്ടാക്കൾ ചെയ്തത്.

അകത്തുകടന്ന മോഷ്ടാക്കൾ മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും തറയിലേക്ക് വലിച്ച് വാരിയിട്ട് അലങ്കോലപ്പെടുത്തിയ നിലയിലാണ്. ആശ മകളോടൊപ്പം നിലവിൽ തിരുവനന്തപുരത്തായതിനാൽ അവരുടെ അയനിക്കാട്ടുള്ള വീട് ദീർഘനാളായി അടച്ചിട്ട നിലയിലായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ഈ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈലിൽ ലഭ്യമാകാത്തതിനെ തുടർന്ന്, വീട്ടുടമസ്ഥർ വിവരമറിയിച്ചതനുസരിച്ച് അറ്റകുറ്റപ്പണികൾക്കായി ടെക്നീഷ്യന്മാർ എത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടതും മോഷണവിവരം പുറത്തറിയുന്നതും.

മോഷ്ടാക്കൾ തെളിവ് നശിപ്പിക്കുന്നതിനായി വീട്ടിലെ സി.സി.ടി.വി ക്യാമറകൾ മുഴുവൻ അഴിച്ചുകൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഈ മോഷണവാർത്തയറിഞ്ഞ് അയൽവാസിയായ പ്രകാശന്റെ ഭാര്യ ഓടിയെത്തിയപ്പോഴാണ് തങ്ങളുടെ വീടും സമാനമായ രീതിയിൽ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്.

പ്രകാശന്റെ വീട്ടിലെ മുൻവാതിലിന്റെ പൂട്ട് പൊളിച്ച് വാതിൽ വെറുതെ ചാരിവെച്ച നിലയിലായിരുന്നു. ഇരു വീടുകളിലും വിലപിടിപ്പുള്ള സ്വർണ്ണമോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വസ്ത്രങ്ങളും മറ്റും മാത്രമാണ് അലമാരകളിൽ നിന്നും വലിച്ചുവാരിയിട്ട നിലയിലുള്ളത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ പയ്യോളി പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. പ്രദേശത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362092/content-highlights-thief-breaks-into-locked-houses-in-payyoli)