---
title: "ദേശീയപാത വികസനത്തിലെ മെല്ലെപ്പോക്ക്: മന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്താൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ"
english_title: "content highlights:- Adv. K. Praveen Kumar to bring to the attention of the Minister the slow progress in the development of National Highways"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362071/content-highlights-adv-k-praveen-kumar-to-bring-to-the-attention-of-the-minister-the-slow-progress-in-the-development-of-national-highways"
published_at: "2026-05-27T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a168b9184bac_koyi2.jpg"
keywords: ["Latest News", "Koyilandy", "Adv. K. Praveen Kumar MLA"]
---

# ദേശീയപാത വികസനത്തിലെ മെല്ലെപ്പോക്ക്: മന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്താൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ

> **Lead Summary:** **കൊയിലാണ്ടി:[ **[ ]ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം കുന്നോറ മല, പൊയിൽക്കാവ് മേഖലകളിൽ പ്രവൃത്തികൾ വേണ്ടത്ര പുരോഗമിക്കാത്ത സാഹചര്യത്തിൽ ശക്തമായ ഇടപെടലുകളുമായി അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ.

## Article Content

**കൊയിലാണ്ടി:[ **[ ]ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം കുന്നോറ മല, പൊയിൽക്കാവ് മേഖലകളിൽ പ്രവൃത്തികൾ വേണ്ടത്ര പുരോഗമിക്കാത്ത സാഹചര്യത്തിൽ ശക്തമായ ഇടപെടലുകളുമായി അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ.

വരാനിരിക്കുന്ന കനത്ത മഴയ്ക്ക് മുൻപായി ഇവിടെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികൾക്ക് കാരണമാകുമെന്നും, ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ അടിയന്തരമായി എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി കൂടി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും കൊയിലാണ്ടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ കായിക-ആരോഗ്യ മേഖലകളുടെ പുരോഗതിക്കും വിപുലമായ കർമ്മപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങൾക്കും കളിസ്ഥലം വേണമെന്ന ഹൈക്കോടതിയുടെയും സർക്കാരിന്റെയും കർശന ഉത്തരവ് നിലനിൽക്കെ, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് (ജി.വി.എച്ച്.എസ്.എസ്) നിലവിൽ കായിക പരിശീലനത്തിന് മൈതാനമില്ലാത്ത അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ മുൻപ് നഗരസഭ ഏറ്റെടുത്ത സ്റ്റേഡിയം സ്കൂളിന് തന്നെ തിരികെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്യും. കൊയിലാണ്ടി താലൂക്കാശുപത്രിയുടെ ആധുനികവൽക്കരണത്തിനായി കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, പുതിയ മോർച്ചറി സംവിധാനം സജ്ജമാക്കുക, ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ വികസന മുരടിപ്പ് ഒഴിവാക്കാൻ റോഡ്, വൈദ്യുതി, ഇറിഗേഷൻ, ഹാർബർ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രത്യേക അവലോകന യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ വിദഗ്ദ്ധരെ ഉൾപ്പെടുത്തി 'പ്രെയ്സ് കൊയിലാണ്ടി' (Praise Koyilandy) എന്ന പേരിൽ പുതിയൊരു വിദ്യാഭ്യാസ പദ്ധതിക്ക് മണ്ഡലത്തിൽ തുടക്കം കുറിക്കുകയാണ്.

ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനുള്ള പ്രഥമ യോഗം മെയ് 30-ന് നടക്കും. ഇതിനു പുറമെ പുതിയ അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുന്ന 'സമ്മാനച്ചെപ്പ്' പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ജൂൺ അഞ്ചിന് വിരവഞ്ചേരി എൽ.പി സ്കൂളിൽ വെച്ച് നിർവ്വഹിക്കും.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ജൂൺ ആദ്യവാരത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എയുടെ പുതിയ ഔദ്യോഗിക ഓഫീസ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്ന് രാവിലെ 8.30-ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളായ മഠത്തിൽ നാണു, മഠത്തിൽ അബുറഹിമാൻ, വി.പി. ഭാസ്ക്കരൻ, വി.പി. ഇബ്രാഹീം കുട്ടി, മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362071/content-highlights-adv-k-praveen-kumar-to-bring-to-the-attention-of-the-minister-the-slow-progress-in-the-development-of-national-highways)