---
title: "സമഗ്ര വികസനത്തിന് മുൻഗണന; എല്ലാ പിന്തുണയും ഉറപ്പെന്ന് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ"
english_title: "CONTENT HIGHLIGHTS:- K. Praveen Kumar MLA assures all support for comprehensive development-NEW"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361843/content-highlights-K-Praveen-Kumar-MLA-assures-all-support-for-comprehensive-development-NEW"
published_at: "2026-05-26T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153dd0844a1_KK.jpg"
keywords: ["Latest Newsw", "Payyoli", "MLA", "Praveen Kumar"]
---

# സമഗ്ര വികസനത്തിന് മുൻഗണന; എല്ലാ പിന്തുണയും ഉറപ്പെന്ന് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ

> **Lead Summary:** **പയ്യോളി: [ **തിക്കോടി ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിക്ക് മുൻഗണന നൽകുമെന്നും പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ പ്രഖ്യാപിച്ചു.

## Article Content

**പയ്യോളി: [ **തിക്കോടി ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിക്ക് മുൻഗണന നൽകുമെന്നും പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ പ്രഖ്യാപിച്ചു.

തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുക്കൊണ്ട് സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാഴ്ചപ്പാടുകളും തിക്കോടിയിൽ നടപ്പിലാക്കേണ്ട അടിയന്തര ആവശ്യങ്ങളും സംബന്ധിച്ച് യോഗത്തിൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ചകൾ നടന്നു. അകലാപ്പുഴയും കല്ലകവും ഉൾപ്പെടുന്ന ടൂറിസം സാധ്യതകൾ, വിവിധ റോഡുകളുടെ നവീകരണം, തീരദേശ മേഖലയിലെ വികസനത്തിന്റെ ഭാഗമായി ഫിഷറീസ് ഹോസ്പിറ്റൽ, തൊഴിൽ കേന്ദ്രങ്ങൾ, ഭിന്നശേഷി പൊതു മാർക്കറ്റ് തുടങ്ങിയവ സ്ഥാപിക്കൽ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.

കൂടാതെ, ഓരോ വാർഡിലെയും ജനപ്രതിനിധികൾ തങ്ങളുടെ പ്രദേശത്തെ വികസന ആവശ്യങ്ങളും അവശ്യ പ്രവർത്തനങ്ങളും യോഗത്തിൽ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നുണ്ടാകുന്ന എല്ലാ വികസന പ്രവർത്തനങ്ങളിലും താൻ മുന്നിലുണ്ടാകുമെന്ന് എം.എൽ.എ ജനങ്ങൾക്ക് ഉറപ്പുനൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ച യോഗം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീബ, ബ്ലോക്ക് അംഗങ്ങളായ പി.പി. കുഞ്ഞമ്മദ്, നിഷ എന്നിവരും പഞ്ചായത്ത് അംഗങ്ങളായ വാസു മാസ്റ്റർ, പുതുക്കുടി ഹമീദ്, യു.കെ. സൗജത്ത്, പ്രസീത ആളങ്ങാരി, അജ്മൽ മാടായി, പ്രേമരാജൻ, ശോഭ, ദിബിഷ, ഗീത കേളോത്ത്, സീമ അയോത്ത്, രമേശൻ വണ്ണാത്തിക്കുനി, സജിന ചെത്തിൽ, ഷക്കീല കെ.പി., വാഹിദ എം.കെ., ജിഷാ ബാബു, സഫ് ഷാനവാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. ഹനീഫ മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി വിനോദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361843/content-highlights-K-Praveen-Kumar-MLA-assures-all-support-for-comprehensive-development-NEW)