---
title: "ചിരിയും ചിന്തയും പടർത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രി കലോത്സവം; വേദിയിൽ കൈയടി നേടി ഓട്ടൻതുള്ളൽ"
english_title: "CONTENT HIGHLIGHTS:- Ottanthullal wins applause at Koyilandy Taluk Hospital"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361606/content-highlights-ottanthullal-wins-applause-at-koyilandy-taluk-hospital"
published_at: "2026-05-25T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f7cf53da8_KOYI7.jpg"
keywords: ["Latest News", "Koyilandy", "Taluk Hospital Arts Festival"]
---

# ചിരിയും ചിന്തയും പടർത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രി കലോത്സവം; വേദിയിൽ കൈയടി നേടി ഓട്ടൻതുള്ളൽ

> **Lead Summary:** **കൊയിലാണ്ടി: [**പരമ്പരാഗതമായി പുരുഷന്മാർ അരങ്ങുവാഴാറുള്ള ഓട്ടൻതുള്ളൽ വേദിയിൽ വേറിട്ടൊരു പെൺകരുത്തുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ”ഗുൽമോഹർ 2026” കലോത്സവം ശ്രദ്ധേയമാകുന്നു.

## Article Content

**കൊയിലാണ്ടി: [**പരമ്പരാഗതമായി പുരുഷന്മാർ അരങ്ങുവാഴാറുള്ള ഓട്ടൻതുള്ളൽ വേദിയിൽ വേറിട്ടൊരു പെൺകരുത്തുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ”ഗുൽമോഹർ 2026” കലോത്സവം ശ്രദ്ധേയമാകുന്നു.

ചിരിയും ചിന്തയും സമന്വയിപ്പിച്ച വേദിയിൽ, ഷിജിന നാഗരാജ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ സമകാലിക സമൂഹത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടിയത്. ലഹരിയുടെ മറവിൽ രാത്രിയെന്നോ പകലില്ലാതെയോ ആതുരസേവകർക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച ഈ കാവ്യവിരുന്ന്, വെറുമൊരു കലാരൂപത്തിനപ്പുറം തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ സമൂഹത്തിന്റെ പിന്തുണ തേടുന്ന നഴ്സുമാരുടെയും വനിതാ ഡോക്ടർമാരുടെയും ശക്തമായൊരു ശബ്ദമായി മാറി.

ശബ്ദഗാംഭീര്യം കൊണ്ടും തന്മയത്വമാർന്ന അഭിനയം കൊണ്ടും കാണികളുടെ കൈയടി നേടാൻ ഷിജിനയ്ക്ക് സാധിച്ചു. പി. സാജിത താമരശ്ശേരിയുടെ വരികൾക്ക് പാലക്കാട് പ്രേംരാജും ശിവഗംഗ നാഗരാജും ചേർന്നൊരുക്കിയ ഈണവും താളവും പ്രകടനത്തിന് കൂടുതൽ മിഴിവേകി.

കാലികപ്രാധാന്യമുള്ള വിഷയങ്ങളെ കവിതയുടെ ചാരുതയിൽ ചാലിച്ചെടുത്ത വരികൾ ജനഹൃദയങ്ങളിലേക്ക് വേഗത്തിൽ ഇറങ്ങിച്ചെല്ലുന്നതായിരുന്നു. ഇതിന് പിന്നണിയിൽ രശ്മി പി.എസ് കൊണ്ടംവള്ളിയും ഷൈമ ചീക്കിലോടും ചേർന്നാലപിച്ച പിൻപാട്ട് അവതരണത്തിന്റെ മാറ്റുകൂട്ടി.

കാണികളിൽ ചിരി പടർത്തി തുടങ്ങി ഒടുവിൽ ചിന്തയുടെ നോമ്പരമായി മാറിയ ഈ കലാരൂപം, ഇന്നും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ പോന്ന ഏറ്റവും മികച്ച മാധ്യമമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361606/content-highlights-ottanthullal-wins-applause-at-koyilandy-taluk-hospital)