---
title: "കല്ലെറിഞ്ഞാലും മാറില്ല, പടക്കം പൊട്ടിച്ചാൽ മാത്രം ഓടും; പയ്യോളിയിൽ വീട് വളഞ്ഞ് തെരുവുനായ്ക്കൾ "
english_title: "content highlights Street harassment in Payyoli is rampant."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360973/content-highlights-street-harassment-in-payyoli-is-rampant"
published_at: "2026-05-22T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff870cffdd_11.jpg"
keywords: ["Latest News", "Street Dog", "Payyoli"]
---

# കല്ലെറിഞ്ഞാലും മാറില്ല, പടക്കം പൊട്ടിച്ചാൽ മാത്രം ഓടും; പയ്യോളിയിൽ വീട് വളഞ്ഞ് തെരുവുനായ്ക്കൾ 

> **Lead Summary:** **പയ്യോളി: [**തെരുവുനായ്ക്കൾ വീടിന് മുന്നിൽ തമ്പടിച്ച് അക്രമസ്വഭാവം കാണിക്കുന്നതോടെ പുറത്തിറങ്ങാനാവാതെ ഉമ്മയും മകളും ഭീതിയുടെ നിഴലിൽ. തിക്കോടി ഗ്രാമപഞ്ചായത്തിലെ പെരുമാൾപുരം ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന കാരോളി ഗഫൂറിന്റെ വീട്ടിലാണ് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായിരിക്കുന്നത്.

## Article Content

**പയ്യോളി: [**തെരുവുനായ്ക്കൾ വീടിന് മുന്നിൽ തമ്പടിച്ച് അക്രമസ്വഭാവം കാണിക്കുന്നതോടെ പുറത്തിറങ്ങാനാവാതെ ഉമ്മയും മകളും ഭീതിയുടെ നിഴലിൽ. തിക്കോടി ഗ്രാമപഞ്ചായത്തിലെ പെരുമാൾപുരം ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന കാരോളി ഗഫൂറിന്റെ വീട്ടിലാണ് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായിരിക്കുന്നത്.

ഗഫൂർ ഗൾഫിലായതിനാൽ ഭാര്യ ജസീലയും മകളും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. പത്തിലധികം വരുന്ന തെരുവുനായ്ക്കളാണ് വീടിന്റെ മുറ്റത്തും പറമ്പിലുമായി നിരന്തരമായി കുരച്ചുകൊണ്ട് നിലയുറപ്പിച്ചിരിക്കുന്നത്.

വീട്ടുകാർ പുറത്തിറങ്ങിയാൽ നേരെ കടിക്കാൻ ആഞ്ഞടുക്കുന്ന നായകൾ കാരണം അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. പുറത്തുപോയി തിരികെ വരുമ്പോൾ അയൽവാസികളോ മറ്റോ വന്ന് നായകളെ ഓടിച്ചാൽ മാത്രമേ ഇവർക്ക് അകത്തേക്ക് കയറാൻ പോലും സാധിക്കുന്നുള്ളൂ.

കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് നായശല്യം ഉണ്ടെങ്കിലും ഒരാഴ്ചയായി ഇവ വീടിന് മുന്നിൽ ‘ഉപരോധം’ തീർക്കാൻ തുടങ്ങിയിട്ടെന്ന് ജസീല പറയുന്നു. കല്ലെടുത്തെറിഞ്ഞാൽ പോലും അനങ്ങാത്ത നായകൾ പടക്കം പൊട്ടിച്ചാൽ മാത്രമാണ് അല്പനേരത്തേക്ക് മാറാൻ തയ്യാറാകുന്നത്.

ഭയത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ, ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർക്കും പരാതി നൽകിയെങ്കിലും ജനപ്രതിനിധികൾ കൈമലർത്തുകയാണെന്ന് വീട്ടുകാർ ആരോപിക്കുന്നു.

വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വീട്ടുകാരുടെയും പ്രദേശവാസികളുടെയും ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360973/content-highlights-street-harassment-in-payyoli-is-rampant)