---
title: "മുഖ്യമന്ത്രി വാക്കുപാലിച്ചു; കെ-റെയിൽ പദ്ധതി റദ്ദാക്കിയതിൽ ആശ്വാസത്തോടെ 225 കുടുംബങ്ങൾ, കാട്ടിലെപീടിക സമരപ്പന്തലിൽ മധുരവിതരണം"
english_title: "CONTENT HIGHLIGHTS Sweets distributed after K-Rail project canceled"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360742/content-highlights-sweets-distributed-after-k-rail-project-canceled"
published_at: "2026-05-21T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e974febd65_8.jpg"
keywords: []
---

# മുഖ്യമന്ത്രി വാക്കുപാലിച്ചു; കെ-റെയിൽ പദ്ധതി റദ്ദാക്കിയതിൽ ആശ്വാസത്തോടെ 225 കുടുംബങ്ങൾ, കാട്ടിലെപീടിക സമരപ്പന്തലിൽ മധുരവിതരണം

> **Lead Summary:** **കൊയിലാണ്ടി: [** സിൽവർലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാട്ടിലെപീടിക സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി രംഗത്ത്.

## Article Content

**കൊയിലാണ്ടി: [** സിൽവർലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാട്ടിലെപീടിക സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി രംഗത്ത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിലൂടെ പദ്ധതി ഇനിയില്ലെന്നും ഔദ്യോഗികമായി റദ്ദാക്കിയെന്നും പ്രഖ്യാപിച്ചതോടെ വലിയൊരു ആശ്വാസമാണ് തീരദേശത്തെ കുടുംബങ്ങൾക്ക് ലഭിച്ചതെന്ന് സമരസമിതി നേതാവ് ടി.ടി. ഇസ്മയിൽ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികളെല്ലാം നിലവിൽ എടുത്തുമാറ്റിയെന്നും ജനങ്ങൾക്ക് നൽകിയ വാക്ക് മുഖ്യമന്ത്രി പാലിച്ചുവെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ചതോടെ ഇതിന്റെ പരിധിയിൽ വരുന്ന ഭൂമിയിൽ വീട് നിർമ്മിക്കാനോ, വസ്തു ഈടുവെച്ച് ബാങ്ക് വായ്പകൾ എടുക്കാനോ സാധിക്കാതെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരുന്നു.

പൂക്കാട് മുതൽ കോരപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ 225-ഓളം കുടുംബങ്ങളാണ് കാട്ടിലെപീടികയിലെ ജനകീയ സമരത്തിൽ സജീവമായി പങ്കെടുത്തത്. അധികാരത്തിലെത്തിയാൽ സിൽവർലൈൻ പദ്ധതി റദ്ദാക്കുമെന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ, സമരത്തിൽ പങ്കെടുത്ത നാട്ടുകാർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരുന്ന നാൽപ്പതോളം കേസുകൾ പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതും സമരസമിതിക്ക് ഇരട്ടി മധുരമായി.

കേരളത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ആദ്യമായി സമരം ആരംഭിച്ചത് 2020 ഒക്ടോബർ 2-ന് കാട്ടിലെപീടികയിലായിരുന്നു. ഇവിടെനിന്നാണ് പിന്നീട് സംസ്ഥാനവ്യാപകമായി കെ-റെയിൽ വിരുദ്ധ സമരസമിതികൾ രൂപീകരിക്കുന്നതിലേക്ക് വഴിമാറിയത്.

നീണ്ട വർഷങ്ങളുടെ ജനകീയ പോരാട്ടത്തിനൊടുവിൽ മന്ത്രിസഭായോഗത്തിൽ പദ്ധതി റദ്ദാക്കിയ ഔദ്യോഗിക വിവരമറിഞ്ഞതോടെ കാട്ടിലെപീടികയിലെ സമരപ്പന്തലിൽ പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് സമരപ്പന്തലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വലിയ രീതിയിലുള്ള ആഹ്ലാദപ്രകടനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360742/content-highlights-sweets-distributed-after-k-rail-project-canceled)