---
title: "കൊയിലാണ്ടിയിൽ വൻ ഭക്ഷ്യസുരക്ഷാ വീഴ്ച; ഷവർമ്മയ്ക്കുള്ള കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചുതിന്നു; കട പൂട്ടിച്ച് അധികൃതർ"
english_title: "CONTENT HIGHLIGHTS Stray dogs ate chicken for shawarma"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360735/content-highlights-stray-dogs-ate-chicken-for-shawarma"
published_at: "2026-05-21T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e94068596d_6.jpg"
keywords: ["Latest News", "Koyilandy", "Food Security Failure"]
---

# കൊയിലാണ്ടിയിൽ വൻ ഭക്ഷ്യസുരക്ഷാ വീഴ്ച; ഷവർമ്മയ്ക്കുള്ള കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചുതിന്നു; കട പൂട്ടിച്ച് അധികൃതർ

> **Lead Summary:** **കൊയിലാണ്ടി: [** കൊയിലാണ്ടിയിലെ ഷവർമ്മ ഷോപ്പിലേക്ക് വിതരണത്തിനായി എത്തിച്ച കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചു കീറിയ സംഭവത്തിൽ കടുത്ത നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.

## Article Content

**കൊയിലാണ്ടി: [** കൊയിലാണ്ടിയിലെ ഷവർമ്മ ഷോപ്പിലേക്ക് വിതരണത്തിനായി എത്തിച്ച കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചു കീറിയ സംഭവത്തിൽ കടുത്ത നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഗുരുതരമായ വീഴ്ച വരുത്തിയ കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന 'ഒഫിക്സ് ഷവർമ്മ സ്റ്റാൾ', ഇറച്ചി വിതരണം ചെയ്ത താമരശ്ശേരിയിലെ ചിക്കൻ സെന്റർ എന്നിവയ്ക്കെതിരെയാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ഇതിൽ ഒഫിക്സ് ഷവർമ്മ സ്റ്റാൾ താൽക്കാലികമായി അടപ്പിച്ചു.

ഇന്നലെ രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഷവർമ്മ ഷോപ്പ് തുറക്കുന്നതിന് മുൻപായി കടയ്ക്ക് പുറത്ത് മൂടിയില്ലാത്ത പാത്രത്തിലാണ് താമരശ്ശേരിയിലെ ചിക്കൻ സെന്ററുകാർ കോഴിയിറച്ചി ഇറക്കിവെച്ചത്.

ഇതുകണ്ട തെരുവുനായ്ക്കൾ ഇറച്ചി കടിച്ചു തിന്നുകയായിരുന്നു. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ശ്വേത വേലായുധൻ, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തുകയും രണ്ട് ദിവസത്തേക്ക് കട അടച്ചിടാൻ നോട്ടീസ് നൽകുകയുമായിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇറച്ചി പൊതുവഴിയിൽ അശ്രദ്ധമായി വച്ച താമരശ്ശേരി ചിക്കൻ സെന്ററിനെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. ശ്വേത വേലായുധൻ അറിയിച്ചു.

അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തങ്ങൾ നഗരസഭാ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്നും, നഗരസഭ ജീവനക്കാരെത്തി നായ്ക്കൾ കടിച്ച മുഴുവൻ ചിക്കനും ഇവിടെനിന്ന് അടിയന്തരമായി മാറ്റി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും കടയുടമകൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360735/content-highlights-stray-dogs-ate-chicken-for-shawarma)