---
title: "ദേശീയപാത വികസനത്തിൽ വഴിമുട്ടി പന്തലായനി വിയ്യൂർ റോഡ്; അടിപ്പാതയ്ക്കായി ജനകീയ പ്രതിഷേധം ശക്തമാകുന്നു"
english_title: "Pantalayani Viyyur Road gets stuck in the development of National Highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360342/pantalayani-viyyur-road-gets-stuck-in-the-development-of-national-highway"
published_at: "2026-05-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c03290ed12_11.jpg"
keywords: []
---

# ദേശീയപാത വികസനത്തിൽ വഴിമുട്ടി പന്തലായനി വിയ്യൂർ റോഡ്; അടിപ്പാതയ്ക്കായി ജനകീയ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **പുതിയ ദേശീയപാതയുടെ നിർമ്മാണം യാഥാർത്ഥ്യമായതോടെ പൂർണ്ണമായും ഗതാഗതം മുറിഞ്ഞുപോയ പന്തലായനി വിയ്യൂർ നെല്യാടി റോഡിൽ അടിയന്തരമായി അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

## Article Content

**കൊയിലാണ്ടി: [ **പുതിയ ദേശീയപാതയുടെ നിർമ്മാണം യാഥാർത്ഥ്യമായതോടെ പൂർണ്ണമായും ഗതാഗതം മുറിഞ്ഞുപോയ പന്തലായനി വിയ്യൂർ നെല്യാടി റോഡിൽ അടിയന്തരമായി അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

പാത വിഭജിക്കപ്പെട്ടതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വലിയ വാഹനങ്ങളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സ്കൂൾ ബസുകൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്.

യാത്രാസൗകര്യമില്ലാത്തതിനെ തുടർന്ന് പല രക്ഷിതാക്കൾക്കും തങ്ങളുടെ മക്കളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റേണ്ടി വരുന്ന ഗതികേടിലാണ് നിലവിലുള്ളത്. ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള ജനങ്ങൾക്ക് പടിഞ്ഞാറുള്ള നഴ്സറി സ്കൂൾ, വിവിധ ആരാധനാലയങ്ങൾ, റേഷൻ കട, അങ്കണവാടി, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ നിലവിൽ ഒന്നര കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട ദുരവസ്ഥയുണ്ട്.

പ്രദേശത്തെ സർവീസ് റോഡ് ഇവിടെനിന്ന് വെറും അമ്പത് മീറ്റർ മാത്രം മാറി അവസാനിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. പ്രധാന റോഡിൽ എന്തെങ്കിലും തരത്തിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടായാൽ, പോക്കറ്റ് റോഡുകളിലേക്ക് സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങൾ തിരിച്ചുവിടാൻ പോലും ഇവിടെ മറ്റ് മാർഗ്ഗങ്ങളില്ല.

ഈ സാഹചര്യത്തിൽ, ദേശീയപാത സർവേ 2022/22 പരിധിയിൽ വരുന്ന പന്തലായനി വിയ്യൂർ റോഡിൽ ഒരു അടിപ്പാത നിർമ്മിക്കുക മാത്രമാണ് ഏക പോംവഴി. ജനങ്ങളുടെ ഈ ജീവൽമരണ പ്രശ്നത്തിൽ ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെട്ട് അടിപ്പാത നിർമിക്കണമെന്നാണ് പ്രദേശം ഒട്ടാകെ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360342/pantalayani-viyyur-road-gets-stuck-in-the-development-of-national-highway)