---
title: "ആദ്യ മഴയിൽത്തന്നെ വീടുകളിൽ വെള്ളം കയറി; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പൊയിൽക്കാവിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു"
english_title: "Houses flooded with water in the first rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360341/houses-flooded-with-water-in-the-first-rain"
published_at: "2026-05-19T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c022781ac9_10.jpg"
keywords: []
---

# ആദ്യ മഴയിൽത്തന്നെ വീടുകളിൽ വെള്ളം കയറി; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പൊയിൽക്കാവിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **കൊയിലാണ്ടി: [** നേരിയ തോതിൽ പെയ്ത ആദ്യ മഴയിൽത്തന്നെ ചെങ്ങോട്ടുകാവ് പ്രദേശത്തെ ഇരുവശങ്ങളിലുമുള്ള വീടുകൾ വെള്ളത്തിനടിയിലായതോടെ, ദേശീയപാത-പഞ്ചായത്ത് അധികൃതർക്കെതിരെ ജനരോഷം തിളച്ചുമറിയുന്നു.

## Article Content

**കൊയിലാണ്ടി: [** നേരിയ തോതിൽ പെയ്ത ആദ്യ മഴയിൽത്തന്നെ ചെങ്ങോട്ടുകാവ് പ്രദേശത്തെ ഇരുവശങ്ങളിലുമുള്ള വീടുകൾ വെള്ളത്തിനടിയിലായതോടെ, ദേശീയപാത-പഞ്ചായത്ത് അധികൃതർക്കെതിരെ ജനരോഷം തിളച്ചുമറിയുന്നു.

വരാനിരിക്കുന്ന കടുത്ത വർഷകാലത്തിന് മുന്നോടിയായി തോടുകൾ തുറക്കാനോ ഓടകൾ വൃത്തിയാക്കാനോ പഞ്ചായത്ത് ഭരണകൂടം തയാറാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ഇതിനൊപ്പം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ്, കൾവർട്ട്, ഡ്രെയിനേജ് ജോലികൾ കരാർ കമ്പനിയായ അദാനി ഗ്രൂപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചതും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി.

ഒറ്റരാത്രിയിലെ മഴയിൽത്തന്നെ പല വീടുകളും വിഴുങ്ങിയ വെള്ളക്കെട്ട്, വരുംദിവസങ്ങളിൽ പൊയിൽക്കാവ് നിവാസികളുടെ ജീവിതം പൂർണ്ണമായും ദുസ്സഹമാക്കുമെന്ന ഭീതിയിലാണ് പ്രദേശം.

വിദ്യാലയങ്ങൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഈ യാത്രാക്ലേശം നൂറുകണക്കിന് വിദ്യാർഥികളുടെ പഠനത്തെക്കൂടി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ, യുപി സ്കൂൾ, വിദ്യാതരംഗിണി എൽപി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കും പൊയിൽക്കാവ് ക്ഷേത്രത്തിന് മുൻവശത്തെ റോഡ് ഉപയോഗിക്കുന്ന യാത്രക്കാർക്കും ഈ വെള്ളക്കെട്ട് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ ഇതിനകം തന്നെ ദുരിതത്തിലായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റിയും അദാനി ഗ്രൂപ്പും പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ എം പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേയ് 19-ന് രാവിലെ 8 മണിക്ക് അരങ്ങാടത്തുള്ള അദാനി ഗ്രൂപ്പിന്റെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.

പഞ്ചായത്ത് അടിയന്തരമായി ഓടകൾ വൃത്തിയാക്കാൻ തയാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360341/houses-flooded-with-water-in-the-first-rain)