---
title: "ദേശീയ ഡെങ്കിപ്പനി ദിനം: കൊയിലാണ്ടി ഹാർബറിൽ ശുചീകരണവും കൊതുക് നശീകരണവും നടത്തി"
english_title: "Cleaning and mosquito control carried out at Koyilandy Harbor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360105/cleaning-and-mosquito-control-carried-out-at-koyilandy-harbor"
published_at: "2026-05-18T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa792db7a9_7.jpg"
keywords: []
---

# ദേശീയ ഡെങ്കിപ്പനി ദിനം: കൊയിലാണ്ടി ഹാർബറിൽ ശുചീകരണവും കൊതുക് നശീകരണവും നടത്തി

> **Lead Summary:** **കൊയിലാണ്ടി: [ **ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ കൊതുകിന്റെ ഉറവിട നശീകരണവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [ **ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ കൊതുകിന്റെ ഉറവിട നശീകരണവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഷമീം സ്വാഗതപ്രസംഗം നടത്തി.

വിവിധ വാർഡ് കൗൺസിലർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. ഇവർക്കൊപ്പം ഹെൽത്ത് സൂപ്പർവൈസർ വിനോദിന്റെ നേതൃത്വത്തിൽ തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.

കൂടാതെ ഹെൽത്ത് സൂപ്പർവൈസർമാരായ ഹരി, കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥരും, മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം ജീവനക്കാരും, ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥരും, സന്നദ്ധ പ്രവർത്തകരും പരിപാടിയുടെ ഭാഗമായി.

ഹാർബർ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം ജനങ്ങൾക്കായി ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കേണ്ടത് അത്യാവശ്യമായി കണ്ട സ്ഥലങ്ങളിൽ ടെമിഫോസ് ഗ്രാന്യൂളുകൾ തളിക്കുകയും ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും പ്രദേശത്തെ പൊതുജനങ്ങളും ചേർന്ന് ഡെങ്കിപ്പനി പ്രതിരോധ പ്രതിജ്ഞ എടുത്തതോടെയാണ് പരിപാടികൾ അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360105/cleaning-and-mosquito-control-carried-out-at-koyilandy-harbor)