---
title: "വാടക പിരിവ് തകൃതി, ഗ്രൗണ്ടിൽ വൻ കുഴികളും മാലിന്യവും; കൊയിലാണ്ടി സ്റ്റേഡിയം കായികപ്രേമികൾക്ക് വിട്ടുനൽകണമെന്ന് വികസന സമിതി അംഗം വി. പി. ഇബ്രാഹിം കുട്ടി"
english_title: "Koyilandy Stadium should be released to sports fans"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359769/koyilandy-stadium-should-be-released-to-sports-fans"
published_at: "2026-05-16T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08154840653_13.jpg"
keywords: []
---

# വാടക പിരിവ് തകൃതി, ഗ്രൗണ്ടിൽ വൻ കുഴികളും മാലിന്യവും; കൊയിലാണ്ടി സ്റ്റേഡിയം കായികപ്രേമികൾക്ക് വിട്ടുനൽകണമെന്ന് വികസന സമിതി അംഗം വി. പി. ഇബ്രാഹിം കുട്ടി

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടിയിലെ പ്രധാന സ്റ്റേഡിയം കായിക ആവശ്യങ്ങൾക്കായി പൂർണ്ണമായും വിട്ടുനൽകണമെന്ന് താലൂക്ക് വികസന സമിതി അംഗവും മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവുമായ വി. പി. ഇബ്രാഹിം കുട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടിയിലെ പ്രധാന സ്റ്റേഡിയം കായിക ആവശ്യങ്ങൾക്കായി പൂർണ്ണമായും വിട്ടുനൽകണമെന്ന് താലൂക്ക് വികസന സമിതി അംഗവും മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവുമായ വി. പി. ഇബ്രാഹിം കുട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

നഗരസഭയിലെ സ്പോർട്സ് കൗൺസിലിന്റെ കൈവശമുള്ള 3.46 ഏക്കർ സ്റ്റേഡിയം ഭൂമി, 1998-ൽ റവന്യൂ വകുപ്പ് പ്രതിവർഷം 4,15,200 രൂപ ഈടാക്കി 25 വർഷത്തെ ലീസിന് നൽകിയതായിരുന്നു.

എന്നാൽ 2007-ൽ ഗ്രൗണ്ടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സ്പോർട്സ് കൗൺസിൽ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുകയും വലിയ തുകയ്ക്ക് ഇവന്റ് പരിപാടികൾക്കായി മൈതാനം വാടകയ്ക്ക് നൽകാൻ തുടങ്ങുകയും ചെയ്തു.

ഈ ലീസിന്റെ കാലാവധി 2023-ൽ അവസാനിച്ചിട്ടും ഇപ്പോഴും കെട്ടിടങ്ങളുടെ വാടകയും മറ്റ് വരുമാനവും സ്പോർട്സ് കൗൺസിൽ തന്നെയാണ് ശേഖരിക്കുന്നത്. കെട്ടിടങ്ങളിൽ നിന്നും മറ്റ് പരിപാടികളിൽ നിന്നും വലിയ രീതിയിൽ വാടക വസൂലാക്കുന്നുണ്ടെങ്കിലും സ്റ്റേഡിയത്തിൽ യാതൊരുവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ഇബ്രാഹിം കുട്ടി കുറ്റപ്പെടുത്തി.

ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളുടെ വളർച്ചയ്ക്ക് ഉതകുന്ന സൗകര്യങ്ങൾ ഇവിടെയില്ലെന്ന് മാത്രമല്ല, വൻകിട എക്സിബിഷനുകൾക്കും മറ്റ് ഇവന്റുകൾക്കും ഗ്രൗണ്ട് വിട്ടുകൊടുക്കുന്നത് കാരണം മൈതാനത്ത് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

കൂടാതെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡ്രെയിനേജിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്.

മധ്യവേനൽ അവധിക്കാലത്ത് നൂറുകണക്കിന് കുട്ടികളാണ് ഇവിടെ കായിക പരിശീലനത്തിനായി എത്തുന്നത്. എന്നാൽ അവർക്കാവശ്യമായ ഡ്രസ്സിംഗ് റൂം, ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും സ്റ്റേഡിയത്തിലില്ല. ഇക്കാര്യം താലൂക്ക് വികസനസമിതി യോഗത്തിൽ പ്രമേയത്തിലൂടെ വി. പി. ഇബ്രാഹിം കുട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കല്ലാച്ചിയിലെയും കൊയിലാണ്ടിയിലെയും കായിക പ്രേമികൾക്കും തൊട്ടടുത്തുള്ള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്പോർട്സ് ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ ഈ ഗ്രൗണ്ട് മാറ്റിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359769/koyilandy-stadium-should-be-released-to-sports-fans)