---
title: "എ പ്ലസ് തിളക്കത്തിൽ പൊതുവിദ്യാലയങ്ങൾ; വിജയക്കൊടി പാറിച്ചു ചിങ്ങപുരവും കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂളും"
english_title: "Public schools shine with A+"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359759/public-schools-shine-with-a"
published_at: "2026-05-16T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a080e262ea4e_10.jpg"
keywords: []
---

# എ പ്ലസ് തിളക്കത്തിൽ പൊതുവിദ്യാലയങ്ങൾ; വിജയക്കൊടി പാറിച്ചു ചിങ്ങപുരവും കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂളും

> **Lead Summary:** **പയ്യോളി: [ **ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ പയ്യോളി മേഖലയിലെ പൊതുവിദ്യാലയങ്ങൾക്ക് തിളക്കമാർന്ന വിജയം. നന്തി വന്മുഖം ഗവ. ഹൈസ്കൂൾ, ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ നൂറ് ശതമാനം വിജയം കൊയ്ത് മേഖലയുടെ പെരുമ ഉയർത്തി.

## Article Content

**പയ്യോളി: [ **ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ പയ്യോളി മേഖലയിലെ പൊതുവിദ്യാലയങ്ങൾക്ക് തിളക്കമാർന്ന വിജയം. നന്തി വന്മുഖം ഗവ. ഹൈസ്കൂൾ, ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ നൂറ് ശതമാനം വിജയം കൊയ്ത് മേഖലയുടെ പെരുമ ഉയർത്തി.

പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തുറയൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ നൂറുമേനിക്ക് തൊട്ടരികിലെത്തുന്ന മികച്ച വിജയശതമാനവും സ്വന്തമാക്കി. വിദ്യാലയങ്ങളിലെ വിജയവിവരങ്ങൾ പരിശോധിച്ചാൽ, നന്തി വന്മുഖം ഗവ. ഹൈസ്കുളിൽ പരീക്ഷയെഴുതിയ 87 വിദ്യാർത്ഥികളും വിജയിച്ച് സ്കൂളിന്റെ പന്ത്രണ്ടാമത് തുടർച്ചയായ നൂറുമേനി തിളക്കം നിലനിർത്തി; ഇവിടെ 3 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്.

ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 375 വിദ്യാർത്ഥികളും വിജയം വരിച്ചപ്പോൾ അതിൽ 27 പേർ ഫുൾ എ പ്ലസ് നേടി തിളങ്ങി. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 213 പേരും ഉയർന്ന വിജയം സ്വന്തമാക്കിയപ്പോൾ 6 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

വലിയ വിദ്യാർത്ഥി പങ്കാളിത്തമുള്ള പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 602 പേരിൽ 598 പേരും വിജയിച്ച് 99.34 ശതമാനം വിജയം നേടി; ഇവിടുത്തെ 68 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് തിളക്കം സ്വന്തമാക്കിയത്.

തുറയൂർ ഹയർ സെക്കൻഡറി സ്കൂളിൽ 197 പേർ പരീക്ഷ എഴുതിയതിൽ 196 പേരും വിജയിച്ച് 99.49 ശതമാനം വിജയവും 9 ഫുൾ എ പ്ലസും നേടി. ഒരു വിദ്യാർത്ഥിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് പരീക്ഷകൾ എഴുതാൻ കഴിയാതെ പോയതിനാലാണ് സ്കൂളിന് നേരിയ വ്യത്യാസത്തിൽ നൂറ് ശതമാനം വിജയം നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359759/public-schools-shine-with-a)