---
title: "'ഗ്രീനിങ്ങ് പയ്യോളി'ക്ക് തുടക്കം; നഗരസഭയിലെ മുഴുവൻ വീടുകളിലും ഇനി ഫലവൃക്ഷങ്ങൾ വളരും"
english_title: "'Greening Payyoli' begins"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359276/greening-payyoli-begins"
published_at: "2026-05-14T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054af7018be_3.jpg"
keywords: []
---

# 'ഗ്രീനിങ്ങ് പയ്യോളി'ക്ക് തുടക്കം; നഗരസഭയിലെ മുഴുവൻ വീടുകളിലും ഇനി ഫലവൃക്ഷങ്ങൾ വളരും

> **Lead Summary:** **പയ്യോളി: [** നഗരസഭയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഗ്രീനിങ്ങ് പയ്യോളി' പദ്ധതിക്ക് ഉജ്ജ്വല തുടക്കം. നഗരസഭയുടെയും 'പരിസ്ഥിതി പയ്യോളി'യുടെയും സഹകരണത്തോടെ 'ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്' ആണ് നഗരസഭ പരിധിയിലെ മുഴുവൻ വീട്ടുവളപ്പുകളിലും ഫലവൃക്ഷത്തൈകൾ എത്തിക്കുന്ന ഈ ബൃഹത് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

## Article Content

**പയ്യോളി: [** നഗരസഭയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഗ്രീനിങ്ങ് പയ്യോളി' പദ്ധതിക്ക് ഉജ്ജ്വല തുടക്കം. നഗരസഭയുടെയും 'പരിസ്ഥിതി പയ്യോളി'യുടെയും സഹകരണത്തോടെ 'ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്' ആണ് നഗരസഭ പരിധിയിലെ മുഴുവൻ വീട്ടുവളപ്പുകളിലും ഫലവൃക്ഷത്തൈകൾ എത്തിക്കുന്ന ഈ ബൃഹത് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

മാവ്, പ്ലാവ് തുടങ്ങിയ നാടൻ ഇനങ്ങൾക്കൊപ്പം റമ്പൂട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റിൻ തുടങ്ങിയ വിദേശ പഴവർഗങ്ങളുടെ തൈകളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ രീതിയും ഏറെ വ്യത്യസ്തമാണ്.

പ്രവർത്തകർ ഓരോ വീട്ടിലുമെത്തി കുഴിയെടുത്ത് തൈ നട്ട്, ആദ്യ നനയും പൂർത്തിയാക്കി മണ്ണുമാന്തിയാണ് മടങ്ങുക; വീട്ടുടമസ്ഥർക്ക് പിന്നീട് ഇവ പരിപാലിക്കേണ്ട ഉത്തരവാദിത്തം മാത്രമാണുള്ളത്.

ഓരോ വീട്ടിലെയും ഗൃഹനാഥനെ തൈയുടെ ഉടമയായും രണ്ട് കുടുംബാംഗങ്ങളെ സംരക്ഷകരായും നിശ്ചയിച്ച് അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ തൈകളുടെ തുടർച്ചയായ വളർച്ച ഉറപ്പാക്കാനുള്ള ഫോളോ-അപ്പ് സംവിധാനവും ഇതിലുണ്ട്. ഒരു ദിവസം ശരാശരി 30 മുതൽ 45 വരെ വീടുകളിൽ തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്.

നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ തന്റെ വീട്ടുവളപ്പിൽ അവക്കാഡോ തൈ ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പയ്യോളി പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായ ചടങ്ങിൽ കോഓർഡിനേറ്റർ എം. റസീല പദ്ധതി വിശദീകരിച്ചു.

പി. കുഞ്ഞാമു, വിവിധ വാർഡ് കൗൺസിലർമാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആദ്യദിവസം തന്നെ 40 വീടുകളിൽ തൈകൾ നട്ടുപിടിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങളെ ഉപയോഗപ്പെടുത്തി നഗരസഭയിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359276/greening-payyoli-begins)