---
title: "കൊയിലാണ്ടി ടൗൺഹാളിൽ സിനിമയുടെ പൂരക്കാലം; മൂന്ന് ദിവസങ്ങളിലായി ലോകസിനിമകൾ പ്രദർശിപ്പിക്കും"
english_title: "Cinema festival at Koyilandy Town Hall"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358696/cinema-festival-at-koyilandy-town-hall"
published_at: "2026-05-11T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0175b71628b_koyi1.jpg"
keywords: []
---

# കൊയിലാണ്ടി ടൗൺഹാളിൽ സിനിമയുടെ പൂരക്കാലം; മൂന്ന് ദിവസങ്ങളിലായി ലോകസിനിമകൾ പ്രദർശിപ്പിക്കും

> **Lead Summary:** **കൊയിലാണ്ടി: [** മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ തിരിതെളിയുന്നു. ഈ മാസം 15, 16, 17 തീയതികളിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത 'പാപ ബുക്ക' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

## Article Content

**കൊയിലാണ്ടി: [** മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ തിരിതെളിയുന്നു. ഈ മാസം 15, 16, 17 തീയതികളിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത 'പാപ ബുക്ക' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

15-ന് വൈകിട്ട് 5.30-ന് നിയുക്ത എം.എൽ.എ കെ. പ്രവീൺകുമാർ ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയറക്ടർ.

മേളയുടെ ആദ്യ ദിനമായ 15-ന് രാവിലെ പത്ത് മണി മുതൽ സിനിമാ പ്രദർശനം ആരംഭിക്കും. സ്പാനിഷ് ചിത്രം 'ഡാൻസ് ഓഫ് റിയാലിറ്റി', ഹംഗേറിയൻ സിനിമ 'ഡാം നേഷൻ' എന്നിവയ്‌ക്കൊപ്പം വിവിധ ഹ്രസ്വ ചിത്രങ്ങളും അന്നേ ദിവസം പ്രേക്ഷകരിലെത്തും.

രണ്ടാം ദിനമായ 16-ന് പേർഷ്യൻ ചിത്രം 'ദ പേഷ്യൻസ് സ്റ്റോൺ', ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത 'എ പ്രഗ്നന്റ് വിഡോ', സഞ്ജു സുരേന്ദ്രന്റെ ഹിന്ദി ചിത്രം 'ഖിഡ്കി ഗാവ്', ജപ്പാനീസ് ചിത്രം 'ലൈക് മി' എന്നിവ പ്രദർശിപ്പിക്കും.

സമാപന ദിവസമായ 17-ന് അബ്ബാസ് കിരസ്തോമിയുടെ 'സം വൺ ഇൻ ലവ്', ഇറ്റാലിയൻ ചിത്രം 'യൂത്ത്' എന്നിവയ്‌ക്കൊപ്പം മലയാള ചിത്രങ്ങളായ 'റിക്കാർഡ് ഡാൻസ്' (ഷിഹാബ് ഓങ്ങല്ലൂർ), 'പലമ' (ആശ ആച്ചി ജോസഫ്), ശിവരഞ്ജിനി സംവിധാനം ചെയ്ത 'വിക്ടോറിയ' എന്നിവയും പ്രദർശനത്തിനുണ്ടാകും.

കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ചെയർമാനും കെ.വി. സുധീർ കൺവീനറുമായ സംഘാടക സമിതി മേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358696/cinema-festival-at-koyilandy-town-hall)