---
title: " കൊയിലാണ്ടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; വെയിലും മഴയും കൊണ്ട് യാത്രക്കാർ വലയുന്നു"
english_title: "There are no bus waiting centers in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/357875/there-are-no-bus-waiting-centers-in-koyilandy"
published_at: "2026-05-07T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2dab5c2e3_xfgn.jpg"
keywords: []
---

#  കൊയിലാണ്ടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; വെയിലും മഴയും കൊണ്ട് യാത്രക്കാർ വലയുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **നഗരസഭാ പരിധിയിലെ ദേശീയപാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു.

## Article Content

**കൊയിലാണ്ടി: [ **നഗരസഭാ പരിധിയിലെ ദേശീയപാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു.

മഴയായാലും വെയിലായാലും അഭയം തേടാൻ ഒരിടമില്ലാതെ പാതയോരങ്ങളിൽ നിൽക്കേണ്ട അവസ്ഥയിലാണ് സ്കൂൾ-കോളേജ് വിദ്യാർത്ഥികളടക്കമുള്ള സാധാരണക്കാർ.

പ്രധാന പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ പലരും സമീപത്തെ കടകളുടെ വരാന്തകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

കൊയിലാണ്ടി - മുത്താമ്പി റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നും നഗരസഭയുടെ ഔദ്യോഗിക കാത്തിരിപ്പ് കേന്ദ്രങ്ങളില്ല എന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെരുവട്ടൂർ ജംഗ്ഷൻ, ബഡ്ൽ ചെക്കോട്ടി ബസാർ, അണേല റോഡ്, നെല്ല്യാടി റോഡ്, മുചുകുന്ന് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇതേ അവസ്ഥയാണ് തുടരുന്നത്.

കൊല്ലം ടൗണിന്റെ തെക്ക് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാൻ എത്തുന്ന യാത്രക്കാരും ദുരിതത്തിലാണ്. നിലവിലുള്ള പഴയ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലാകട്ടെ മതിയായ സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു.

മഴക്കാലം എത്തുന്നതോടെ ഈ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കൊല്ലം എസ്.എൻ.ഡി.പി യോഗം ഗുരുദേവ കോളേജിലെയും പരിസരത്തെ സ്കൂളുകളിലെയും നൂറുകണക്കിന് വിദ്യാർത്ഥികൾ ഓരോ ദിവസവും ഈ ദുരവസ്ഥ നേരിടുന്നുണ്ട്.

ചില സംഘടനകൾ സ്വകാര്യമായി നിർമ്മിച്ച ഒന്നോ രണ്ടോ കേന്ദ്രങ്ങൾ മാത്രമാണ് ആകെയുള്ള ആശ്വാസം. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് നഗരസഭാ പരിധിയിലെ പ്രധാന പോയിന്റുകളിൽ അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/357875/there-are-no-bus-waiting-centers-in-koyilandy)