---
title: "പൊയിൽക്കാവിൽ സിമന്റ് ലോറി ചെളിയിൽ താഴ്ന്നു, മണിക്കൂറുകളോളം ഗതാഗതതടസ്സം"
english_title: "Cement lorry sinks in mud in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/357825/cement-lorry-sinks-in-mud-in-poyilkavu"
published_at: "2026-05-07T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc13b703f94_1.jpg"
keywords: []
---

# പൊയിൽക്കാവിൽ സിമന്റ് ലോറി ചെളിയിൽ താഴ്ന്നു, മണിക്കൂറുകളോളം ഗതാഗതതടസ്സം

> **Lead Summary:** **കൊയിലാണ്ടി:[ ** കൊയിലാണ്ടിയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ നിർമാണത്തിലെ അശാസ്ത്രീയത യാത്രക്കാരെയും വാഹന ഉടമകളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

## Article Content

**കൊയിലാണ്ടി:[ ** കൊയിലാണ്ടിയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ നിർമാണത്തിലെ അശാസ്ത്രീയത യാത്രക്കാരെയും വാഹന ഉടമകളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പൊയിൽക്കാവ് അണ്ടർപാസിന് സമീപം സിമന്റ് ലോറി ചെളിക്കുഴിയിൽ താഴ്ന്നതോടെ ഈ ദുരവസ്ഥ വീണ്ടും ചർച്ചയായി.

പെട്രോൾ പമ്പിലേക്ക് പോവുകയായിരുന്ന ലോറി ചെളിയിൽ ഉറച്ചുപോയതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

പ്രദേശത്തെ വെള്ളക്കെട്ടും കുഴികളും സംബന്ധിച്ച് നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും അധികൃതർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെ നാട്ടുകാർ അമർഷത്തിലാണ്.

നിർമാണ കമ്പനിയായ വഗാഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ് ഈ ദുരിതത്തിന് പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്. ടോൾ റോഡിന്റെ പണി വേഗത്തിൽ തീർക്കാൻ കാണിക്കുന്ന താല്പര്യം സാധാരണക്കാർ ഉപയോഗിക്കുന്ന സർവീസ് റോഡുകളുടെ കാര്യത്തിലോ ഡ്രെയിനേജ് സംവിധാനങ്ങൾ പൂർത്തിയാക്കുന്നതിലോ കരാർ കമ്പനി കാണിക്കുന്നില്ല.

സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് അധികൃതരും മൗനം പാലിക്കുന്നത് പരാതികൾക്ക് ആക്കം കൂട്ടുന്നു.

യാത്രക്കാരുടെ ദുരിതം ഇവിടംകൊണ്ടും തീരുന്നില്ല. പൊയിൽക്കാവ് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകേണ്ടവർക്ക് ബസ് കാത്തുനിൽക്കാൻ ഒരു തണൽ പോലുമില്ലാതെ ദേശീയപാതയിൽ പൊരിവെയിലത്ത് നിൽക്കേണ്ട അവസ്ഥയാണ്.

കൊയിലാണ്ടിയിൽ നിന്ന് വരുന്നവർ ഹൈവേയിൽ ഇറങ്ങി താഴേക്ക് നടന്നെത്തേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.

ടോൾ പിരിവിലേക്ക് മാത്രം കണ്ണ് നട്ടുനിൽക്കുന്ന നിർമാണ കമ്പനി താഴെയുള്ള റോഡുകളുടെയും ഓടകളുടെയും പണി അടിയന്തരമായി പൂർത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/357825/cement-lorry-sinks-in-mud-in-poyilkavu)