---
title: "യുഡിഎഫ് കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "UDF Koilandi Constituency Election Convention"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191674/udf-koilandi-constituency-election-convention"
published_at: "2024-03-14T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30b78d0bbd_ATTACH_NEWS.jpg"
keywords: []
---

# യുഡിഎഫ് കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:** വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ കൊയിലാണ്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കെ കെ രമ എംഎല്‍എ. ഉദ്ഘാടനം ചെയ്തു.

## Article Content

വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ കൊയിലാണ്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കെ കെ രമ എംഎല്‍എ. ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. പൂര്‍വ്വാധികം ശക്തിയോടെ യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഷാഫി പറമ്പിലിന്റെ കടന്നുവരവോടെ മണ്ഡലമാകെ വലിയ ഓളം സൃഷ്ടിക്കുവാന്‍ യുഡിഎഫിന് കഴിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

രാജ്യം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യതയാണ്. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാതെ ഇരിക്കണമെങ്കില്‍ ഒരു മതേതര ജനാധിപത്യ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയതോടെ നാട് വീണ്ടും ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. നമ്മളെല്ലാവരും ഭയപ്പെട്ടത് പോലെ മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍ത്തിരിക്കുവാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ മതേതര മനസ്സുകള്‍ക്ക് തികഞ്ഞ ആശങ്കയുണ്ട്. വിവിധ ജാതിമത വിശ്വാസങ്ങള്‍ ഉള്ളവര്‍ ഒരുപോലെ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്ന എല്ലാം നീക്കങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. രാജ്യത്തെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിന് ചാലകശക്തിയാകുവാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതിനായി വലിയ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ പിന്നില്‍ നിന്ന് കുത്തുന്ന പല ശക്തികളെയും നമുക്ക് കാണുവാന്‍ കഴിയും. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നത് വലിയ വിപത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കേവലമായ രാഷ്ട്രീയ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം അല്ലിത്. രാജ്യത്തെ ഭിന്നിപ്പിക്കുന്നവരില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കുവാന്‍ വേണ്ടിയുള്ള പോരാട്ടമാണിത്. ജനാധിപത്യ മതേതര പ്രസ്ഥാനമായി നമുക്കു മുന്‍പില്‍ നയിക്കുവാന്‍ കോണ്‍ഗ്രസ് എല്ലാകാലത്തും ഉണ്ടാകണം. ഒരു വര്‍ഗീയശക്തികള്‍ക്കും നമ്മുടെ നാടിനെ വിട്ടുകൊടുക്കുവാന്‍ കഴിയില്ല. ആ പോരാട്ടത്തിന് കരുത്ത് പകരുവാന്‍ വടകരയില്‍ യുഡിഎഫും ഷാഫി പറമ്പിലും വിജയിക്കേണ്ടത് അനിവാര്യതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഠത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍,മഠത്തില്‍ നാണു മാസ്റ്റര്‍, കെ ബാലനാരായണന്‍, ഇ ടി ഇസ്മയില്‍, രത്‌നവല്ലി, അഡ്വ. ഐമൂസ, വി പി ഭാസ്‌കരന്‍, ദുല്‍ഖീഫില്‍, മിസ്ഹാബ് കീഴരിയൂര്‍, രാജേഷ് കീഴരിയൂര്‍, വി കെ ഇബ്രാഹിംകുട്ടി, മുരളി തോറോത്ത്, കെ ടി വിനോദന്‍, കുല്‍സു, വി ഐ അബ്ദുറഹ്‌മാന്‍, പി റഷീദ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191674/udf-koilandi-constituency-election-convention)