---
title: "കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു "
english_title: "The new building of Taluk Homeo Hospital, Koilandi, was dedicated to the nation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191404/the-new-building-of-taluk-homeo-hospital-koilandi-was-dedicated-to-the-nation"
published_at: "2024-03-13T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1899565b01_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു 

> **Lead Summary:** കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

## Article Content

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടിയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹോമിയോപ്പതി വിഭാഗത്തില്‍ 40 മെഡിക്കല്‍ ഓഫീസര്‍ തസ്തികളും ആയുര്‍വേദത്തില്‍ 116 തസ്തികളും സൃഷ്ടിച്ചു. ജില്ലയില്‍ ആയുഷ് മിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുറമേരി ഹോമിയോ ആശുപത്രിയ്ക്ക് ഒരു കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രിയുടെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷവും അനുവദിച്ചു. ജി എച്ച് ഡി താമരശ്ശേരി, ഓമശ്ശേരി, കുരുവട്ടൂര്‍, വട്ടച്ചിറ എന്നീ നാല് ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് 30 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.

കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കവിത പുരുഷോത്തമന്‍ മുഖ്യാതിഥിയായി. 1.12 കോടി രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി നഗരസഭ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചത്.

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അനീന പി ത്യാഗരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, കെ കെ വൈശാഖ്, രജീഷ് വെങ്ങളത്ത്കണ്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതവും ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191404/the-new-building-of-taluk-homeo-hospital-koilandi-was-dedicated-to-the-nation)