---
title: "കീഴരിയൂര്‍-പൊടിയാടി- തുറയൂര്‍ റോഡില്‍ നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം"
english_title: "Inauguration of Nadakkal,Murinadkkal bridges on Keezhriyur-Podiyadi-Thurayur road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186185/inauguration-of-nadakkalmurinadkkal-bridges-on-keezhriyur-podiyadi-thurayur-road"
published_at: "2024-02-21T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5a8955a80e_ATTACH_NEWS.jpg"
keywords: []
---

# കീഴരിയൂര്‍-പൊടിയാടി- തുറയൂര്‍ റോഡില്‍ നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം

> **Lead Summary:**  കീഴരിയൂര്‍- തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂര്‍-പൊടിയാടി- തുറയൂര്‍ റോഡില്‍ നിര്‍മ്മിച്ച നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 

## Article Content

 കീഴരിയൂര്‍- തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂര്‍-പൊടിയാടി- തുറയൂര്‍ റോഡില്‍ നിര്‍മ്മിച്ച നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 

കേരളത്തില്‍  നിലവിലെ സര്‍ക്കാര്‍ അധികാാരത്തിലെത്തിയതിന് ശേഷം 89 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി കൂട്ടിചേര്‍ത്തു.  അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് പാലങ്ങള്‍ എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇപ്പോള്‍ തന്നെ 89 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അധികം വൈകാതെ തന്നെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള സ്ഥലമാണ് കീഴരിയൂര്‍-പൊടിയാടി- തുറയൂര്‍ റോഡ് കടന്നുപോകുന്ന പ്രദേശം. അതിനാല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ എന്തെല്ലാെം, ഇവിടെ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നിവ മനസിലാക്കുന്നതിനായി ഒരു പഠനം നടത്താനും ഇതിനാായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ എം പി ശിവാനന്ദന്‍, ദുല്‍ഖിഫില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ നിര്‍മ്മല, സി കെ ഗിരീഷ്, വൈസ് പ്രസിഡന്റുമാരായ ശ്രീജ മാവുള്ളാട്ടില്‍, എന്‍.എം സുനില്‍കുമാര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം എം രവീന്ദ്രന്‍, ലീന പുതിയോട്ടില്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് അഭിജിത്ത് സ്വാഗതവും പാലങ്ങള്‍ ഉപേതര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ രബീഷ് കുമാര്‍ നന്ദിയും പറഞ്ഞു. കോരപ്ര- പൊടിയാടി റോഡില്‍ എട്ട് കോടി ചെലവിലാണ് നടക്കല്‍, മുറിനടക്കല്‍ പാലങ്ങള്‍ നിര്‍മ്മിച്ചത്. ഇരുപാലങ്ങളിലും ക്യാരേജ് വേയ്ക്ക് പുറമേ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരു പാലങ്ങളോടും ചേര്‍ന്ന് അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186185/inauguration-of-nadakkalmurinadkkal-bridges-on-keezhriyur-podiyadi-thurayur-road)