---
title: "കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലേക്കുള്ള വഴി അടയ്ക്കാനുളള റെയില്‍വേയുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം "
english_title: "Strong public protest against Railway's move to block access to Korapuzha Government Fisheries School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183728/strong-public-protest-against-railways-move-to-block-access-to-korapuzha-government-fisheries-school"
published_at: "2024-02-11T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8e8e0709c5_ATTACH_NEWS.jpg"
keywords: []
---

# കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലേക്കുള്ള വഴി അടയ്ക്കാനുളള റെയില്‍വേയുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം 

> **Lead Summary:** കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളിലേക്കുള്ള വഴി റെയില്‍വേ അടയ്ക്കുന്നതിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു.

## Article Content

കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളിലേക്കുള്ള വഴി റെയില്‍വേ അടയ്ക്കുന്നതിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു.

    105-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് വരുന്ന വിദ്യാര്‍ഥികളും നാട്ടുകാരും ഇത്രയും കാലമായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയില്‍വേ അടയ്ക്കാനുള്ള ശ്രമം നടത്തുന്നത്.നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും റെയില്‍വേ ലൈന്‍ കടന്നാണ് വിദ്യാലയത്തിലേക്ക് എത്തുന്നത്.

ഈ വഴി അടയ്ക്കുന്നതോടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥ വന്നുചേരും.ബദല്‍ സംവിധാനം ഒരുക്കാതെ നിലവിലുള്ള വഴി അടയ്ക്കാനുള്ള റെയില്‍വേ നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. സ്‌കൂളിനോട് ചേര്‍ന്നുള്ള വഴിയില്‍ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം.

9.2.2024, ന് വഴി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കിയത്.10.02.2024 ന് രാവിലെ റെയില്‍വേ ജീവനക്കാര്‍ വഴിയുടെ ഭാഗമായ കോണിപ്പടികള്‍ പൊളിച്ചു മാറ്റുന്നതിനും വഴി അടയ്ക്കുന്നതിനും വേണ്ടി സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തു.

പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി സുരേഷ,് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യ ഷിബു, രാജലക്ഷമി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതു വരെ നിലവിലുള്ള വഴി അടയ്ക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി റെയില്‍വേ അണ്ടര്‍ പാസ് നിര്‍മ്മിക്കണമെന്നും ജനനേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി വഴി പൊളിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ അധികൃതര്‍ നിര്‍ത്തിവെച്ചിട്ടുണ്ട് എങ്കിലും വഴി ഉടന്‍ തന്നെ പൊളിച്ചു മാറ്റുമെന്നാണ് റെയില്‍വേ ജീവനക്കാര്‍ പറയുന്നത്.

ഇതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ജനനേതാക്കളുടേയും നാട്ടുകാരുടെയും സ്‌കൂള്‍ പി.ടി എ യുടേയും തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183728/strong-public-protest-against-railways-move-to-block-access-to-korapuzha-government-fisheries-school)