---
title: "ശുചിത്വ ഭവന പ്രഖ്യാപനം നടത്തി"
english_title: "Clean house announcement "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179882/clean-house-announcement"
published_at: "2024-01-27T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4aa177ae91_ATTACH_NEWS.jpg"
keywords: []
---

# ശുചിത്വ ഭവന പ്രഖ്യാപനം നടത്തി

> **Lead Summary:**  കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു. ഇരുപതിനായിരത്തില്‍ പരം വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ശുചിത്വ വളണ്ടിയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സംയുക്തമായി ശുചിത്വ പരിശോധന നടത്തിയാണ് മികച്ച 10 ശുചിത്വ ഭവനങ്ങളെ തിരഞ്ഞെടുത്തത്.

## Article Content

 കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു. ഇരുപതിനായിരത്തില്‍ പരം വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ശുചിത്വ വളണ്ടിയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സംയുക്തമായി ശുചിത്വ പരിശോധന നടത്തിയാണ് മികച്ച 10 ശുചിത്വ ഭവനങ്ങളെ തിരഞ്ഞെടുത്തത്.

കുടുംബശ്രീയുടെ സഹകരണത്തില്‍ നടപ്പിലാക്കിയ ശുചിത്വ ഭവനം പദ്ധതിയില്‍ അയല്‍ക്കൂട്ടതലത്തില്‍ നിന്ന് തെരഞ്ഞെടുത്ത 718 അയല്‍ക്കൂട്ട ശുചിത്വ ഭവനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും നല്ല ശുചിത്വ ഭവനത്തിന് കൊയിലാണ്ടിയിലെ ത്രിമൂര്‍ത്തി ഗോള്‍ഡ് & ഡയമണ്ട്‌സുമായി ചേര്‍ന്ന് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കി.

ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ പി.ടി.പ്രസാദ് മുഖ്യ അതിഥിയായി സംസാരിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, നിജില പറവക്കൊടി, സി.പ്രജില, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, വല്‍സരാജ് കേളോത്ത്, കെ.കെ വൈശാഖ് ,നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി കെ.എ.എസ്, പ്രകാശ് (ജെ.ഡി. ഓഫീസ്), ജാനറ്റ് (കെ.എസ്.ഡബ്ല്യു.എം.പി), സി.ഡി.എസ് അധ്യക്ഷരായ കെ.കെ വിപിന, എം.പി.ഇന്ദുലേഖ, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

100 മാര്‍ക്കിനുള്ള 12 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയുമായാണ് ഓരോ വീടുകളിലും പരിശോധന സംഘം കയറിയത്. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ, ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ടോ , ദ്രവമാലിന്യം കൃത്യമായി സംസ്‌കരിക്കുന്നുണ്ടോ, വീടും പരിസരവും വൃത്തിയായി പരിപാലിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ടോ?,കുടിവെള്ള സ്രോതസിന്റെ പരിപാലനം, അടുക്കളത്തോട്ടത്തിന്റെ പരിപാലനം, ടോയ്‌ലറ്റ് പരിപാലനം, കുളിമുറിയുടെ പരിപാലനം, ഫര്‍ണിച്ചറുകളുടെയും പാത്രങ്ങളുടെയും ക്രമീകരണം,വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം തുടങ്ങിയവയുടെ പരിശോധനയാണ് നടന്നിട്ടുള്ളത്.

വാര്‍ഡ് 28 ലെ പ്രമീള അര്‍ച്ചന ഒന്നാം സമ്മാനവും, വാര്‍ഡ് 29 ലെ സാറ അബ്ദുള്‍ ലത്തീഫ് തക്‌വ കുറവങ്ങാട് രണ്ടാം സമ്മാനവും, വാര്‍ഡ് 22 ലെ പുഷ്പ അരിയില്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179882/clean-house-announcement)