---
title: "തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയുള്ള പ്രചാരണം വാസ്തവ വിരുദ്ധം"
english_title: "The campaign against Thiruvanghure Higher Secondary School is untrue"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178632/the-campaign-against-thiruvanghure-higher-secondary-school-is-untrue"
published_at: "2024-01-22T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae1f270255e_ATTACH_NEWS.jpg"
keywords: []
---

# തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയുള്ള പ്രചാരണം വാസ്തവ വിരുദ്ധം

> **Lead Summary:**  തിരുവങ്ങൂര്‍: തിരുവങ്ങുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിക്കുകയും പിന്നീട് രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വാസ്തവിരുദ്ധവും സ്‌കൂളിന്റെ പ്രശസ്തിയെ കളങ്കപെടുത്തുന്നതിനുമാണെന്ന് പ്രധാന അധ്യാപിക കെ.കെ. വിജിത അറിയിച്ചു.

## Article Content

 തിരുവങ്ങൂര്‍: തിരുവങ്ങുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിക്കുകയും പിന്നീട് രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വാസ്തവിരുദ്ധവും സ്‌കൂളിന്റെ പ്രശസ്തിയെ കളങ്കപെടുത്തുന്നതിനുമാണെന്ന് പ്രധാന അധ്യാപിക കെ.കെ. വിജിത അറിയിച്ചു.

പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയമാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. കാല്‍ നൂറ്റാണ്ടിലധികമായി കൂടുതല്‍ വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം.വിജയവും മുഴുവന്‍ വിഷയങ്ങളിലും കൂടുതല്‍ എപ്ലസും നേടുന്ന വിദ്യാലയത്തെ രക്ഷിതാക്കളുടെ ഇടയില്‍ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദുഷ്പ്രചാരണം.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയ്ക്ക് കൂടുതല്‍ പോയിന്റ് നേടിക്കൊടുത്ത പൊതു വിദ്യാലയമാണിത്. 699 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്ന് എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്നത്.ഇവര്‍ക്കായി മോര്‍ണിങ്, ഈവനിങ്ങ്, നൈറ്റ് ക്ലാസുകള്‍, മിനി ക്യാമ്പുകള്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ മെഗാ ക്യാമ്പ് എന്നിവ സമയബന്ധിതമായി നടന്നു കൊണ്ടിരിക്കെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും മറ്റും സ്‌കുളിനെതിരെ പ്രചാരണം നടക്കുന്നത്.

നിപയും മറ്റ് ഒഴിവുദിനങ്ങളും നഷ്ടപ്പെടുത്തിയ അധ്യയന ദിനങ്ങള്‍ വീണ്ടെടുക്കാന്‍ പത്ത് ദിവസക്കാലം നിശാപാഠ ശാലയൊരുക്കി മാതൃക കാണിച്ചത് ഈ അധ്യയന വര്‍ഷമാണ് രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളാകെ സംഘടിപ്പിക്കുന്നത്.അച്ചടക്കത്തിന്റെ കാര്യത്തില്‍ സ്‌കൂള്‍ വിട്ട് വീഴ്ച ചെയ്യാത്തത് ചിലരെ പ്രയാസപെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കുന്നു.

3500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയുണ്ട്. ഇതു വരെ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിച്ചെന്ന പരാതി പി.ടി.എ.യുടെ മുമ്പിലോ പ്രധാന അധ്യാപികയുടെ മുമ്പിലോ വന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്ത് നിന്നുള്ള 30 ഓളം വിദ്യാര്‍ഥികള്‍ പ്രകടനമായെത്തി സ്‌കൂള്‍ അധ്യയനത്തെ തടസപ്പെടുത്തുകയും ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഔദ്യോഗിക ക്യത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയും ചെയ്തതില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി കൊയിലാണ്ടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാരയാട് സ്വദേശിയായ നവ് തേജ്, കൊയിലാണ്ടി സ്വദേശി ഫര്‍ഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏതാനും പേര്‍ സ്‌ക്കൂളിന് അകത്ത് കടന്ന് അന്ന് അധ്യാപകരെ ഭീക്ഷണിപ്പെടുത്തിയതിന് പരാതിയും മൊഴിയും നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാത്തതിലും സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ഇവരുടെ നേതൃത്വത്തില്‍ തന്നെയാണ് വെള്ളിയാഴ്ചയും അതിക്രമം നടന്നത്. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178632/the-campaign-against-thiruvanghure-higher-secondary-school-is-untrue)