---
title: "കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്, സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം ജനുവരി 19ന്"
english_title: "Six Decades of Karmic Achievement, Syed Ali Bafaqi Honored on January 19"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177550/six-decades-of-karmic-achievement-syed-ali-bafaqi-honored-on-january-19"
published_at: "2024-01-17T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8076cd4c5d_ATTACH_BAFAKHI.jpg"
keywords: []
---

# കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്, സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം ജനുവരി 19ന്

> **Lead Summary:** കോഴിക്കോട് : 'കര്‍മ സാഫല്യത്തിന്റ ആറ് പതിറ്റാണ്ട്' എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ജനുവരി 19ന് ജന്മനാടായ കൊയിലാണ്ടിയില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരവ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു.

## Article Content

കോഴിക്കോട് : 'കര്‍മ സാഫല്യത്തിന്റ ആറ് പതിറ്റാണ്ട്' എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ജനുവരി 19ന് ജന്മനാടായ കൊയിലാണ്ടിയില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരവ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു.

കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രസിദ്ധമായ ബാഫഖി കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരും സയ്യിദ് അഹ്‌മദ് ബാഫഖിയുടെ മകനും സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖിയുടെ ജാമാതാവുമായ തങ്ങള്‍, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് , സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ കൂടി അലങ്കരിക്കുന്നുണ്ട്.

ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദരവ് സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാതിഥിയാവും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരവിന് നേതൃത്വം നല്‍കി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍അസ്സഖാഫി,സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, സി.പി. ഉബൈദുല്ല സഖാഫി,കൊയിലാണ്ടി ഖാളി ടി.കെ. മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സയ്യിദ് ഫളല്‍ കോയമ്മ തങ്ങള്‍ ഖുറാ സമാപന പ്രാര്‍ത്ഥക്ക് നേതൃത്വം നല്‍കും. ടി.കെ. അബ്ദുറഹ്‌മാന്‍ ബാഖവി സ്വാഗതവും അഫ്‌സല്‍ കൊളാരി നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177550/six-decades-of-karmic-achievement-syed-ali-bafaqi-honored-on-january-19)