---
title: " മൈക്കോ പാലിയേററീവിന്റെ സ്‌നേഹ സംഗമം "
english_title: "Miko Palierreeve's love affair"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172208/miko-palierreeves-love-affair"
published_at: "2023-12-25T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589c433629bb_ATTACH__paliyetive_2.jpg"
keywords: []
---

#  മൈക്കോ പാലിയേററീവിന്റെ സ്‌നേഹ സംഗമം 

> **Lead Summary:** നന്തി ബസാര്‍: അറഫ നഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈകൊ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 65 വയസ് പിന്നിട്ട പ്രവാസികള്‍ക്ക് വേണ്ടി ഒരുക്കിയ ആദരവും സ്‌നേഹസംഗമവും പ്രദേശത്തിന് വേറിട്ടൊരു അനുഭവമായി മാറി.

## Article Content

നന്തി ബസാര്‍: അറഫ നഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈകൊ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 65 വയസ് പിന്നിട്ട പ്രവാസികള്‍ക്ക് വേണ്ടി ഒരുക്കിയ ആദരവും സ്‌നേഹസംഗമവും പ്രദേശത്തിന് വേറിട്ടൊരു അനുഭവമായി മാറി.

പ്രവാസത്തിന്റെ ആരംഭകാലത്ത് തന്നെ സ്വന്തത്തിന്റെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാനുള്ള പരിശ്രമത്തിനിടയില്‍ വര്‍ത്തമാന കാല സമൂഹം ഇന്ന് അനുഭവിക്കുന്ന സകല വിധ പുരോഗതികള്‍ക്കും കയ്യൊപ്പ് ചാര്‍ത്തി അടയാളപ്പെടുത്തിവര്‍. ഇന്നലെകളില്‍ ജീവിതത്തിന്റെ തിളക്കമാര്‍ന്ന യൗവനത്തില്‍ നല്‍കപ്പെട്ട നന്മകളുടെ സ്മൃതിമധുരിമയെ നെഞ്ചോട് ചേര്‍ക്കപ്പെട്ടവരുടെ തിരനോട്ടത്തില്‍ അര്‍ഹമായ അംഗീകാരം നല്‍കുകയായിരുന്നു മൈക്കൊ. ഈ കൂട്ടായ്മയുടെ നാല് പതിറ്റാണ്ട് കാലത്തെ വളര്‍ച്ചയുടെ ഊര്‍ജം ഈ പ്രവാസികളുടെ മനസാ വാചാ കര്‍മ്മണായുള്ള പിന്തുണയാണെന്ന് തിരിച്ചറിയുകയും നല്‍കിയവന് നല്‍കപ്പെടണം എന്ന് തീരുമാനിക്കപ്പെടുകയുമായിരുന്നു.

പ്രവാസം സമ്മാനിച്ച വാര്‍ദ്ധക്യ - രോഗ - മാനസിക-ശാരീരിക പ്രയാസങ്ങളക്കും ജീവിത പ്രാരാബ്ദങ്ങള്‍ക്കു മിടയില്‍ നല്‍കപ്പെട്ട മൈക്കൊയുടെ അംഗികാരം ഏറ്റുവാങ്ങിയവരുടെ മനസിന്റെ കണ്ണാടിയായ മുഖത്ത് പ്രതിഫലിച്ച തെളിച്ചം ചെറുതായിരുന്നില്ല. സ്‌നേഹം കൊണ്ടും ആദരവ് കൊണ്ടും ചേര്‍ത്ത് പിടിക്കുകയും നിങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്ന നന്ദിസൂചകമായ ഒരു സന്ദേശവുമാണ് മൈക്കോ ഇതിലൂടെ നല്‍കാന്‍ ശ്രമിച്ചത്.

അറുപത്തഞ്ച് വയസ്സു കഴിഞ്ഞ പ്രദേശത്തെ നൂറോളം പഴയ കാല പ്രവാസികളുടെ ഒത്തുചേരല്‍ തികച്ചും വൈകാരികാനുഭൂതിയായി മാറി. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടി സംഗമ വേദി ഉല്‍ഘാടകനായി.

പ്രദേശത്തിന്റെ മുഖഛായ മാറ്റിയ സാമൂഹ്യ പുരോഗതിയുടെയും വികാസത്തിന്റെയും മികവ് ഭരണകൂടങ്ങള്‍ക്കല്ലെന്നും അതിനുള്ള അവകാശവും ആര്‍ഹതയും പ്രവാസികള്‍ക്കാണെന്നും ഉല്‍ഘാടകന്‍ ഉദാഹരണ സഹിതം എടുത്തു കാട്ടി.

പരിപാടിയില്‍ പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ട് മണലില്‍ അബ്ദുല്‍ കരീം അദ്ധ്യക്ഷനായി. കമ്പിന്റവിട കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള തിക്കോടി എന്നിവര്‍ പഴയകാലപ്രവാസാനുഭവങ്ങള്‍ പങ്ക് വെച്ചു.

സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്ന വിഷയത്തില്‍ കെ.പി. കരിം ക്ലാസെടുത്തു. പി.ഹാഷിം സ്വാഗതവും അലി പുതുക്കുടി നന്ദിയും പറഞ്ഞു. ഒപ്പന,കോല്‍ക്കളി മാപ്പിളപ്പാട്ട് ഉള്‍പ്പെടുന്ന കലാ വിരുന്നും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172208/miko-palierreeves-love-affair)