---
title: "കുടമാറ്റം ഉള്‍പ്പടെ ഒട്ടേറെ പുതുമകള്‍,കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. "
english_title: "Kanjilassery Temple Shivaratri Festival activities started with many innovations including Kudamatam."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169499/kanjilassery-temple-shivaratri-festival-activities-started-with-many-innovations-including-kudamatam"
published_at: "2023-12-15T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c5ae9caf2d_0000_ATTACH__copy_temple.jpg"
keywords: []
---

# കുടമാറ്റം ഉള്‍പ്പടെ ഒട്ടേറെ പുതുമകള്‍,കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. 

> **Lead Summary:** കൊയിലാണ്ടി: മലബാറിലെ ചിരപുരാതനമായ കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഭക്ത ജനങ്ങള്‍.

## Article Content

കൊയിലാണ്ടി: മലബാറിലെ ചിരപുരാതനമായ കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഭക്ത ജനങ്ങള്‍.

മലക്കെഴുന്നെള്ളിപ്പു ദിവസം മാര്‍ച്ച് 7 ന് 111 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ആലിന്‍ കീഴ് മേളം, ലാക്ഷണിക സൗന്ദര്യം ഒത്തിണങ്ങുന്ന ഗജവീരന്മാരുടെ അകമ്പടിയില്‍ നടക്കുന്ന കുടമാറ്റം എന്നിവ സന്തോഷകരമായ ദൃശ്യ സാധ്യതയായി മാറും.

ശിവരാത്രി മഹോത്സവ വേളയില്‍ മഹാദേവന്റെ പേരില്‍ പ്രതിഭാശാലികള്‍ക്ക് മൃത്യുഞ്ജയ പുരസ്‌കാരം നല്‍കി വരുന്നു. ഗാനകോകിലം കേരളശ്രീ ഡോ. വൈക്കം വിജയലക്ഷ്മിയെയാണ് ഇത്തവണ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പുരസ്‌കാര ദാന പരിപാടിയില്‍ സംബന്ധിക്കും.

2024 മാര്‍ച്ച് 6 ന് ഡോ. വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള ആഘോഷപരിപാടികളില്‍ സവിശേഷ പ്രാധാന്യമുള്ളതാണ്. ശിവരാത്രി ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ അഖണ്ഡ നൃത്താര്‍ച്ചന അരങ്ങേറുന്നു. 25 ലധികം നര്‍ത്തകികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, കഥക്, ഒഡീസ്സി, ഗുജറാത്തി നൃത്തരൂപങ്ങള്‍ നാട്യമണ്ഡപത്തില്‍ അവതരിപ്പിക്കും.

 മാര്‍ച്ച് 3 ന് നടക്കുന്ന ഭക്തജന സംഗമം ആഘോഷ പരിപാടികളിലെ മറ്റൊരു വൈവിധ്യമാണ്. മാര്‍ച്ച് 7, 8 തിയ്യതികളില്‍ നടക്കുന്ന ഉത്സവ സദ്യയില്‍ പതിനായിരം പേര്‍ പങ്കെടുക്കും.

കൂടാതെ വിവിധ ദിവസങ്ങളില്‍ ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മത്തവിലാസം കൂത്ത്, നൃത്ത സദസ്സുകള്‍, നാടകം, സിനിമാറ്റിക് നൃത്തം, ഭജന്‍സ് എന്നിവ ആഘോഷ പരിപാടികളെ ആഹ്ലാദഭരിതമാക്കുന്നു.

ശിവരാത്രി മഹോത്സവ പരിപാടികള്‍ പൂര്‍ണ്ണമായും ഹരിത നിയമാവലി അനുസരിച്ചാണ് നടക്കുന്നത്.

ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്ക്കരണത്തിന്റെ ഭാഗമായി 200 ഓളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സ്‌പോര്‍ട്ട്‌സ് ഡിസ്‌പ്ലേ ആഘോഷ പരിപാടികള്‍ക്ക് സാമൂഹ്യമാനം നല്കുന്നു.

ഡോക്ടര്‍ എന്‍. വി. സദാനന്ദന്‍ ജനറല്‍ കണ്‍വീനറും, ഉണ്ണികൃഷ്ണന്‍ വസുദേവം ചെയര്‍മാനുമായി 151 അംഗ സംഘാടക സമിതിയാണ് ഉത്സവാഘോഷ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി പുരുഷോത്തമന്‍ നമ്പൂതിരി, ദേവസ്വം ജീവനക്കാര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ ഏക മനസ്സായി കൈ കോര്‍ക്കുന്നു.

എംഎല്‍എ. കാനത്തില്‍ ജമീല, ഉണ്ണികൃഷ്ണന്‍ വസുദേവം,(ചെയര്‍മാന്‍, ഉത്സവാഘോഷ കമ്മിറ്റി), ഡോ. എന്‍.വി. സദാനന്ദന്‍ (ജനറല്‍ കണ്‍വീനര്‍), പുരുഷോത്തമന്‍ നമ്പൂതിരി(ക്ഷേത്രം മേല്‍ ശാന്തി), യു.കെ. രാഘവന്‍, ഇ. അനില്‍ കുമാര്‍, രഞ്ജിത് കുനിയില്‍,വിനീത് തച്ചനാടത്ത്, ചന്ദ്രശേഖരന്‍ മാത്യച്ഛായ, തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169499/kanjilassery-temple-shivaratri-festival-activities-started-with-many-innovations-including-kudamatam)