---
title: "കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്"
english_title: "Koilandi Constituency to complete cleanliness"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/166100/koilandi-constituency-to-complete-cleanliness"
published_at: "2023-11-30T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568557c0d4c7_suchithwem.jpg"
keywords: []
---

# കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്

> **Lead Summary:** **കൊയിലാണ്ടി**: കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.

## Article Content

**കൊയിലാണ്ടി**: കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.

കൊയിലാണ്ടി ,പയ്യോളി മുനിസിപ്പാലിറ്റികള്‍, മേലടി, പന്തലായനി ബ്ലോക്ക് പഞ്ചായത്തുകള്‍, തിക്കോടി, മൂടാടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനമാണ് അവലോകനം ചെയ്തത് .

വീടുകള്‍,സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കിയതിന്റെ പുരോഗതി, യൂസര്‍ ഫീ ശേഖരണം, ഹരിത കര്‍മ്മ സേന അംഗങ്ങളുടെ പങ്കാളിത്തം, മാലിന്യം വലിയതോതില്‍ ഉല്‍പാധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള നടപടി, മാലിന്യം കൂട്ടിയിടുന്ന പ്രദേശങ്ങളുടെ കണക്ക് ,കോഴി കടയിലെ മാലിന്യനിര്‍മ്മാണം ,ജലാശയത്തിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി, മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവയാണ് പരിശോധിച്ചത് .

കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ യൂസര്‍ഫീ ഇനത്തില്‍ നിന്നും ശരാശരി പയ്യോളി മുനിസിപ്പാലിറ്റി 60.38%, ചേമഞ്ചേരി 50.42%, കൊയിലാണ്ടി മുനിസിപ്പാലിറ്റി 47.47%, ചെങ്ങോട്ടുകാവ് 45.82%, തിക്കോടി 42.11%, മൂടാടി 32.41% ആണ് യൂസര്‍ ഫീ കളക്ഷന്‍ ലഭിച്ചിട്ടുള്ളത്.

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ആകെ 77 കോഴി കടകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നു. 52 ജലാശയങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടുണ്ട് .2024 ജനുവരി 26 മാലിന്യമുക്ത നവകേരളം പ്രഖ്യാപനം നടത്തുന്നതിന് ഓരോ തദ്ദേശ സ്ഥാപനം നേരിടുന്ന പ്രശ്‌നങ്ങളും നിലവില്‍ ഉള്ള പ്രവര്‍ത്തന പുരോഗതിയും യോഗം വിശദമായി ചര്‍ച്ച ചെയ്തു.

നിയോജകമണ്ഡലം മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് സമിതി യോഗം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി നിയോജക മണ്ഡലം സമയബന്ധിതമായി മാലിന്യമുക്തമായി പ്രഖ്യാപിക്കുവാനും, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തി സമയബന്ധിതമായി നല്‍കുവാന്‍ തദ്ദേശസ്വരണ സ്ഥാപനങ്ങള്‍ മോണിറ്ററിംഗ് പ്രവര്‍ത്തനം ഉര്‍ജിതപെടുത്തണമെന്നും, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങളുടെ ശ്ലാഘനീയമാണെന്നും എംഎല്‍എ അഭിപ്രായപെട്ടു.

കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. ഇന്റെര്‍ണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ഹമീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സതി കിഴക്കയില്‍( ചേമഞ്ചേരി),ഷീബ മലയില്‍ (ചെങ്ങോട്ടുകാവ്), സി കെ ശ്രീകുമാര്‍ (മൂടാടി ),പ്രജീഷ് കുമാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പയ്യോളി നഗരസഭ, കെ. ഇന്ദിര തിക്കോടി അസിസ്റ്റന്റ് സെക്രട്ടറി ,മേലടി ബ്ലോക്ക് സെക്രട്ടറി ജോബി സലാഷ് , കൊയിലാണ്ടി മുനിസിപ്പല്‍ സെക്രട്ടറി എസ്. ഇന്ദു, പന്തലായനി ബ്ലോക്ക് ജിഇഒഎം മനോജന്‍, ജില്ല ഓഫീസ് സൂപ്രണ്ട് കെ.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് എംഎല്‍എ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/166100/koilandi-constituency-to-complete-cleanliness)