---
title: "രോഗിക്ക് ഡയാലിസിസിന് പോവാന്‍ വഴിയൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ "
english_title: "Human Rights Commission should facilitate the patient in thuvakode koyilandy to go for dialysis "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/158610/human-rights-commission-should-facilitate-the-patient-in-thuvakode-koyilandy-to-go-for-dialysis"
published_at: "2023-11-01T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# രോഗിക്ക് ഡയാലിസിസിന് പോവാന്‍ വഴിയൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 

> **Lead Summary:** **കൊയിലാണ്ടി :** കിഡ്‌നി രോഗിയെ വാഹനത്തില്‍ ഡയാലിസിസിന് കൊണ്ടുപോകാന്‍ തടസം സൃഷ്ടിച്ച് വഴിയില്‍ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തിരമായി ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

## Article Content

**കൊയിലാണ്ടി :** കിഡ്‌നി രോഗിയെ വാഹനത്തില്‍ ഡയാലിസിസിന് കൊണ്ടുപോകാന്‍ തടസം സൃഷ്ടിച്ച് വഴിയില്‍ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തിരമായി ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

തുവക്കോട് സ്വദേശി സുജേഷ് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. സുജേഷിന്റെ ഭാര്യക്ക് വൃക്കകള്‍ തകരാറിലായത് മൂലം ഡയാലിസിസ്് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇവര്‍ക്ക് ആശുപത്രിയിലേക്ക് പോവാനുള്ള വഴിയാണ് ബന്ധു മുടക്കിയിരിക്കുന്നത്.

വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുന്‍സിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പില്‍ മിഥുന്‍ വഴി തടസ്സപ്പെടുത്തുന്നതെന്ന് സുജേഷ് പരാതിയില്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.

ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാന്‍ ശ്രമിച്ചപ്പോള്‍ മിഥുന്‍ തടസ്സമുണ്ടാക്കിയെന്നും തുടര്‍ന്ന് ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കസേരയിലിരുത്തി റോഡില്‍ കൊണ്ടുവന്ന ശേഷമാണ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/158610/human-rights-commission-should-facilitate-the-patient-in-thuvakode-koyilandy-to-go-for-dialysis)