---
title: "#koyilandy | അവഗണനയുടെ നടുവില്‍ വടയനക്കുളവും ആനക്കുളവും;  നവീകരണം കാത്ത് ഇരു കുളങ്ങള്‍"
english_title: "Vadayanakulam and Anakulam in the midst of neglect; Both ponds await renovation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148805/vadayanakulam-and-anakulam-in-the-midst-of-neglect-both-ponds-await-renovation"
published_at: "2023-09-25T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651128bb51354_kulam_,logo.JPG"
keywords: []
---

# #koyilandy | അവഗണനയുടെ നടുവില്‍ വടയനക്കുളവും ആനക്കുളവും;  നവീകരണം കാത്ത് ഇരു കുളങ്ങള്‍

> **Lead Summary:** **കൊയിലാണ്ടി: ** ഗവണ്‍മെന്റും തദ്ദേശഭരണ സ്ഥാപനങ്ങളും എല്ലാം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴും അവഗണനയുടെ നടുവില്‍ വടയനക്കുളവും ആനക്കുളവും. പായലും കുളവാഴയും നിറഞ്ഞ് മലിനമായിരിക്കുകയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകള്‍.

## Article Content

**കൊയിലാണ്ടി: ** ഗവണ്‍മെന്റും തദ്ദേശഭരണ സ്ഥാപനങ്ങളും എല്ലാം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴും അവഗണനയുടെ നടുവില്‍ വടയനക്കുളവും ആനക്കുളവും. പായലും കുളവാഴയും നിറഞ്ഞ് മലിനമായിരിക്കുകയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകള്‍.

ദേശീയപാതയില്‍നിന്നും തൊട്ടടുത്ത ആനക്കുളത്ത് നിന്നും എല്ലാം മലിനജലം ഒഴുകിയെത്തുന്നത് പിഷാരികാവ് ക്ഷേത്രത്തിനു മുന്നിലെ വടയനക്കുളത്തിലേക്കാണ്പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള പ്രധാന ജലസംഭരണികളാണ് കൊല്ലം ചിറയും ആനക്കുളവും വടയനക്കുളവും. കൊല്ലം ചിറ നവീകരിച്ച് സംരക്ഷിച്ചെങ്കിലും ആനക്കുളവും വടയനക്കുളവും സംരക്ഷിക്കാനുള്ള നടപടികള്‍ ഒന്നും ഇതുവരെ ആരംഭിക്കാത്തത് പ്രദേശവാസികള്‍ക്ക് വലിയ തോതിലുള്ള പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് ക്ഷേത്ര ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി വി. വി സുധാകരന്‍ പറഞ്ഞു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കെ വടയനക്കുളം സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വടയനക്കുളത്തിന് മുന്‍പേ ആനക്കുളം പുനരുദ്ധീകരിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. എതിര്‍പ്പുയര്‍ന്നതോടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് തടസ്സം നേരിട്ടു. ഫണ്ട് ലഭ്യമായാല്‍ വടയനക്കുളം ശുദ്ധജല സംഭരണിയായി മാറ്റാവുന്നതാണ്. നേരത്തെ കുളം നവീകരണത്തിന് വിപുലമായ പദ്ധതി ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിരുന്നു. ചുറ്റുപാടും കല്ലുകൊണ്ട് കെട്ടി ഉയര്‍ത്തി മനോഹരമാക്കുകയായിരുന്നു ലക്ഷ്യം. മലിനജലം കുളത്തിലേക്ക് വരാതിരിക്കാനുള്ള നടപടിയും വേണം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148805/vadayanakulam-and-anakulam-in-the-midst-of-neglect-both-ponds-await-renovation)