---
title: "#kerala | മാലിന്യമുക്ത നവകേരളം; 18 ഇന കര്‍മ്മ പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ് "
english_title: "New Kerala; Local Self-Government Department with 18-item action programs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147913/new-kerala-local-self-government-department-with-18-item-action-programs"
published_at: "2023-09-21T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650be444db9e4_nav_keralm_Lg.JPG"
keywords: []
---

# #kerala | മാലിന്യമുക്ത നവകേരളം; 18 ഇന കര്‍മ്മ പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ് 

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുമായി തദ്ദേശസ്വയംഭരണം വകുപ്പ്. ഒക്ടോബര്‍ രണ്ട് മുതല്‍ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18 ഇന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് നവകേരളം മിഷനും ശുചിത്വ മിഷനും ജില്ല ഭരണകൂടവുമായി ചേര്‍ന്നാണ് ഇവ നടപ്പിലാക്കുക.

## Article Content

**കോഴിക്കോട്: **സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുമായി തദ്ദേശസ്വയംഭരണം വകുപ്പ്. ഒക്ടോബര്‍ രണ്ട് മുതല്‍ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18 ഇന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് നവകേരളം മിഷനും ശുചിത്വ മിഷനും ജില്ല ഭരണകൂടവുമായി ചേര്‍ന്നാണ് ഇവ നടപ്പിലാക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്സന്മാര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ഇതിന്റെ വിശദമായ രൂപരേഖ തയ്യാറാക്കി. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൂറു ശതമാനം മാലിന്യ സംസ്‌കരണം ഒക്ടോബര്‍ ആദ്യവാരം തന്നെ ഉറപ്പാക്കും. 'ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം' പരിപാടിയുടെ ഭാഗമായി വിദ്യലയങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നക്ഷത്ര പദവി നല്‍കി ആദരിക്കും.

വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഹരിത സര്‍ട്ടിഫിക്കെഷനും ഗ്രേഡിംഗും നല്‍കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്തും. കോഴി അറവു മാലിന്യം വലിച്ചെറിയല്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളും ചിക്കന്‍ റെന്ററിംഗ് പ്ലാന്റുകളുമായി കരാര്‍ ഉണ്ടാക്കുന്നത് ഉറപ്പ് വരുത്തും. പൊതു ഇടങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കും. അവ പൂന്തോട്ടമായി മാറ്റും. സി സി ടി വി നിരീക്ഷണം ഏര്‍പ്പെടുത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ എല്ലാമാസവും മാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുന്നുവെന്ന സ്വയം സാക്ഷ്യപത്രം നല്‍കും. ജലാശയങ്ങളില്‍ മാലിന്യം തള്ളല്‍ തടയുക, മാലിന്യം വലിച്ചെറിയുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുക, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എന്നിവയും നടപ്പാക്കും. കമ്യൂണിറ്റി കമ്പോസ്റ്റ്, എം സി എഫ്, എം ആര്‍ എഫ് എന്നിവ ഉറപ്പ് വരുത്തും.

പദ്ധതിയുടെ ജനകീയ അവലോകനത്തിനായി കുട്ടികളുടെ ഹരിത വാര്‍ഡ്സഭ നവംബര്‍ 14ന് സംഘടിപ്പിക്കും. എല്ലാ നഗര സഭകളിലും സാനിറ്ററി നാപ്കിന്‍ നശിപ്പിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തും. ഇത്തരം മാലിന്യം ഹരിത കര്‍മ്മ സേന വഴി ശേഖരിക്കാനുള്ള നടപടികളും ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ 'എന്റെ വാര്‍ഡ് നൂറില്‍ നൂറ്' പദ്ധതി നടപ്പിലാക്കുന്നതോടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഈ പ്രവൃത്തികള്‍ വിലയിരുത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

ഖരമാലിന്യ ചട്ടം 2016 പ്രകാരമുള്ള പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കര്‍മ്മ പദ്ധതി വിഭാവനം ചെയ്യുന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എസ് ഷിനോ അധ്യക്ഷത വഹിച്ചു. നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ്, മാലിന്യ മുക്തം നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. കെ ഗൗതമന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ പൂജലാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147913/new-kerala-local-self-government-department-with-18-item-action-programs)