---
title: "#koyilandy | 225 കോടി രൂപയുടെ കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്"
english_title: "225 Crores Koilandi Municipality Comprehensive Drinking Water Project to Realize "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147231/225-crores-koilandi-municipality-comprehensive-drinking-water-project-to-realize"
published_at: "2023-09-18T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507fade46e21_water.JPG"
keywords: []
---

# #koyilandy | 225 കോടി രൂപയുടെ കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 44 വാര്‍ഡുകളിലേയും മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂര്‍ണ്ണ നഗര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുകയാണ് . കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച് ടെന്‍ഡര്‍ ചെയ്തു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 44 വാര്‍ഡുകളിലേയും മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂര്‍ണ്ണ നഗര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുകയാണ് . കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച് ടെന്‍ഡര്‍ ചെയ്തു.

ഇതോടൊപ്പം ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി 22 കോടിയുടെ അമൃത് പദ്ധതി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം 2018 - ല്‍ കിഫ്ബി പദ്ധതിയിലൂടെ 85 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപം 23 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കും നടേരി വലിയമലയിലും പന്തലായനി കോട്ടക്കുന്നും സ്ഥാപിച്ച 17 ലക്ഷം ലിറ്റര്‍ വീതം വെള്ളം സംഭരിക്കാന്‍ കഴിയുന്ന രണ്ടു ടാങ്കുകളുടെയും പ്രവൃത്തിയും കൂടാതെ പെരുവണ്ണാമൂഴിയില്‍ നിന്നും പ്രധാന ഗ്രാവിറ്റി മെയിന്‍ സ്ഥാപിച്ച് ടാങ്കുകളില്‍ ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും ഒന്നാം ഘട്ടത്തില്‍ ഇതിനകം പൂര്‍ത്തിയായതാണ് . വാട്ടര്‍ ടാങ്കുകളിലെത്തിയ കുടിവെള്ളം നഗരസഭയിലെ എല്ലാ വീടുകളിലേക്കും എത്തിക്കുന്ന വിതരണ ശൃംഖലയും ചെറു സ്റ്റോര്‍ ടാങ്കുകളും ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. 120 കോടി രൂപയുടെ പുതുക്കിയ പ്രൊജക്ട് കോഴിക്കോട് വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം സമര്‍പ്പിച്ച പ്രോജെക്ടിന് 31/ 03/ 23 ന് കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭിച്ചിരുന്നു . ഇപ്പോള്‍ 118.30 കോടി രൂപയുടെ സാങ്കേതിക അനുമതി വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയര്‍ നല്‍കിയിട്ടുണ്ട് . നഗരസഭയിലെ 20000 ത്തോളം വീടുകളില്‍ കണക്ഷന്‍ നല്കാന്‍ സാധിക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത് . ഒന്നാമത്തെ സോണായ വലിയമലയില്‍ നിന്ന് 146.87 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത് . രണ്ടാമത്തെ സോണ്‍ ആയ കൊയിലാണ്ടി ടൗണും തീരദേശവുമടങ്ങുന്ന പ്രദേശത്ത് 97.66 കി.മീറ്ററും മൂന്നാമത്തെ സോണായ കോട്ടക്കുന്നില്‍ നിന്നും 117.61 കി മി വിതരണ ശൃംഖലയും സ്ഥാപിക്കുന്നു . കൂടാതെ 22 കോടിയുടെ അമൃത് പദ്ധതിയില്‍ മേല്‍പ്പറഞ്ഞ വിതരണ ശൃംഖലയില്‍ നിന്ന് നഗരസഭയിലെ 15000 വീടുകളിലേക്ക് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഇതില്‍ ബാക്കിവരുന്ന 5000 കണക്ഷനുകള്‍ കിഫ്ബി പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത് . കൂടാതെ പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് മുറിക്കുന്ന സ്ഥലങ്ങളില്‍ ( മുനിസിപ്പാലിറ്റി, PWD, NH, NHAI, റെയില്‍വേ ) പൂര്‍ത്തീകരണത്തിനായുള്ള തുകയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി 15/ 09/ 2023 ന് ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 19/ 10/ 2023 ആണ്. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ ഡിസംബര്‍ മാസത്തോടെ പദ്ധതി ആരംഭിക്കാനാവും. കൂടാതെ 2024 ഡിസംബര്‍ മാസം പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ ചാലു കീറുമ്പോള്‍ പൊതുജനങ്ങളുടെയും, മറ്റു വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും, എല്ലാ വകുപ്പുകളിടെയും പൂര്‍ണ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ പി സുധ, വൈസ് ചെയര്‍മാന്‍ കെ സത്യന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇകെ അജിത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഷിജു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147231/225-crores-koilandi-municipality-comprehensive-drinking-water-project-to-realize)