---
title: "#information | വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങായി കേരള ബാങ്ക് "
english_title: "Kerala Bank supports women entrepreneurs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145651/kerala-bank-supports-women-entrepreneurs"
published_at: "2023-09-12T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fffb2f52e9a_ariyipp_LG.JPG"
keywords: []
---

# #information | വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങായി കേരള ബാങ്ക് 

> **Lead Summary:** **കൊയിലാണ്ടി: **വിവിധ വായ്പാ പദ്ധതികളുമായി വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള ബാങ്ക്. സ്ത്രീകള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും വായ്പാ പദ്ധതികള്‍ സഹായകമാകുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വനിതകളിലൂടെ ഉറപ്പാക്കുന്നതിനായി കേരള ബാങ്കിന്റെ എം എസ് എം ഇ , കെ സി.സി വായ്പകള്‍ ഉള്‍പ്പെടെയുള്ള 45 ലധികം പദ്ധതികളാണ് ബാങ്ക് നല്‍കുന്നത്.

## Article Content

**കൊയിലാണ്ടി: **വിവിധ വായ്പാ പദ്ധതികളുമായി വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള ബാങ്ക്. സ്ത്രീകള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും വായ്പാ പദ്ധതികള്‍ സഹായകമാകുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വനിതകളിലൂടെ ഉറപ്പാക്കുന്നതിനായി കേരള ബാങ്കിന്റെ എം എസ് എം ഇ , കെ സി.സി വായ്പകള്‍ ഉള്‍പ്പെടെയുള്ള 45 ലധികം പദ്ധതികളാണ് ബാങ്ക് നല്‍കുന്നത്.

കൂടാതെ 10 ല്‍ അധികം വായ്പകളാണ് വനിതകള്‍ക്ക് മാത്രമായുള്ളത്. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായുള്ള ഇരുചക്ര വാഹന വായ്പയാണ് ഷീ ടു വീലര്‍. കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥിനികള്‍ ഉദ്യോഗസ്ഥര്‍, കുടുംബിനികള്‍ തുടങ്ങി എല്ലാ വനിതകള്‍ക്കും വായ്പയുടെ പ്രയോജനം ലഭ്യമാണ്. ഇതുവഴി ഇലക്ട്രിക് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. കേവലം 9.75 ശതമാനം പലിശയില്‍ ഏഴു വര്‍ഷത്തെ തിരിച്ചടവ് കാലാവധി ഈ വായ്പ പദ്ധതിയുടെ പ്രത്യേകതയാണ്.

വാഹന വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തിരിച്ചടവ് 1648 രൂപ മാത്രമാണ്. വരുമാനം ഇല്ലാത്ത സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിര വരുമാനമുള്ള അച്ഛന്റെയോ ഭര്‍ത്താവിന്റെയോ അമ്മയുടെയോ വരുമാന സംബന്ധമായ രേഖകള്‍ ഹാജരാക്കിയാലും വായ്പ ലഭിക്കും. പദ്ധതി പ്രകാരം 79 വനിതകള്‍ക്കാണ് കഴിഞ്ഞ മാസം അത്തോളി കേരള ബാങ്ക് ശാഖയിലൂടെ ടൂ വീലര്‍ നല്‍കിയത്. വനിതാ പ്ലസ് ബിസിനസ് വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വനിതാ സംരംഭകര്‍ക്കും പരമാവധി 5 ലക്ഷം രൂപ വരെ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ വായ്പ ലഭിക്കുന്നു. 18 മുതല്‍ 65 വയസ്സ് വരെയുള്ള വനിതകള്‍ക്കാണ് 9.75 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാവുക. വനിതകള്‍ക്ക് ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍, ട്യൂഷന്‍ സെന്റര്‍, ഡേ കെയര്‍ തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഇതിലൂടെ വായ്പ ലഭിക്കുന്നു. ഈടുകളില്ലാതെതന്നെ വായ്പ ലഭ്യമാകുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജില്ലയില്‍ ഇതുവരെ ഷീ ടൂവീലര്‍ വായ്പ പദ്ധതിയുടെ ഭാഗമായി 181 പേര്‍ക്കായി 2 കോടി 11 ലക്ഷം രൂപയുടെ വായ്പയാണ് അനുവദിച്ചത്. വനിതാ പ്ലസ് വായ്പ പദ്ധതിയിലൂടെ സംരംഭക പദ്ധതികള്‍ക്കായി 1584 പേര്‍ക്ക് 26 കോടി 48 ലക്ഷം രൂപയുടെ വായ്പയും അനുവദിച്ചു. കേരള ബാങ്ക് ശാഖകളില്‍ എത്തുന്ന കൂടുതല്‍ അന്വേഷണങ്ങളും ഈ രണ്ടു പദ്ധതികളെക്കുറിച്ചാണെന്ന് കേരള ബാങ്ക് ജില്ലാ പിആര്‍ഒ സഹദ് പറയുന്നു. സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭക പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ 35,000-ല്‍ അധികം സ്ത്രീകള്‍ സംരംഭക ലോകത്തേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. ഫുഡ് പ്രോസസിങ്ങ്, ബയോടെക്‌നോളജി, ഐ.ടി. ഇലക്ട്രോണിക്‌സ്, വ്യാപാര മേഖല, ഹാന്‍ഡ് ലൂം, ഹാന്‍ഡി ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതലും സംരംഭങ്ങള്‍. സംരംഭക വര്‍ഷം പദ്ധതിയില്‍ പല മേഖലകളിലും 30 ശതമാനത്തിലധികം രജിസ്റ്റര്‍ ചെയ്തത് സ്ത്രീകളാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145651/kerala-bank-supports-women-entrepreneurs)