---
title: "#sports  | മേപ്പയ്യൂരിലെ കായിക താരങ്ങള്‍ക്ക് ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പരിശീലനം; മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി "
english_title: "Sports players in Meppayoor now train with more facilities; Sports Facilitation Center is ready at GVHSS Mappayoor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144945/sports-players-in-meppayoor-now-train-with-more-facilities-sports-facilitation-center-is-ready-at-gvhss-mappayoor"
published_at: "2023-09-09T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc143850a7d_meppayoor_LG.jpg"
keywords: []
---

# #sports  | മേപ്പയ്യൂരിലെ കായിക താരങ്ങള്‍ക്ക് ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പരിശീലനം; മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയത്. സെപ്തംബര്‍ 16ന് പകല്‍ 12.30ന് മന്ത്രി വി. അബ്ദുറഹിമാന്‍ സെന്റര്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലയിലെ വിപുലമായ ആദ്യത്തെ കായിക സമുച്ചയമാണ് മേപ്പയൂരില്‍ പൂര്‍ത്തിയായത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയത്. സെപ്തംബര്‍ 16ന് പകല്‍ 12.30ന് മന്ത്രി വി. അബ്ദുറഹിമാന്‍ സെന്റര്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലയിലെ വിപുലമായ ആദ്യത്തെ കായിക സമുച്ചയമാണ് മേപ്പയൂരില്‍ പൂര്‍ത്തിയായത്.

ഇതോടെ മേപ്പയ്യൂരിലെ കായികതാരങ്ങള്‍ക്ക് മികവുറ്റ കളിക്കളമാണ് ഒരുങ്ങുന്നത്. ആറുവരിയുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവയാണ് ഫെസിലിറ്റേഷന്‍ സെന്ററിലുള്ളത്. കൂടാതെ, മൂന്നു നിലകളിലായി മള്‍ട്ടി ജിം, ഇന്‍ഡോര്‍ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. 2019 നവംബറിലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയുടെ നിയന്ത്രണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി നേരത്തെ മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഒരുക്കിയത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നിലവില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144945/sports-players-in-meppayoor-now-train-with-more-facilities-sports-facilitation-center-is-ready-at-gvhss-mappayoor)